ന്യൂഡൽഹി: രഞ്ജി ട്രോഫി ഗ്രൂപ്പ് സ്റ്റേജിൽ അന്തിമ റൗണ്ട് മത്സരങ്ങൾ ഈമാസം 23ന് ആരംഭിക്കാനിരിക്കെ, ഡൽഹിയെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് നയിക്കുമെന്ന് റിപ്പോർട്ട്. സൗരാഷ്ട്രക്കെതിരായ അടുത്ത മത്സരം ഡൽഹിക്ക് ഏറെ നിർണായകമാണ്.
നിലവിൽ അഞ്ചു മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് നേടാനായത്. ബാക്കി നാലു മത്സരങ്ങളും സമനിലയിൽ കലാശിച്ചു. പന്ത് ഡൽഹിക്കായി രഞ്ജി കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും ഏറെക്കുറെ ഉറപ്പായി. എന്നാൽ, സൂപ്പർ ബാറ്റർ വിരാട് കോഹ്ലി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 12 വർഷം മുമ്പാണ് താരം അവസാനമായി രഞ്ജി കളിച്ചത്. ദേശീയ ടീമിനൊപ്പം കളിക്കാത്ത അവസരങ്ങളിൽ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് അടുത്തിടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നിർദേശം നൽകിയിരുന്നു.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പെർത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ച്വറിയടക്കം അഞ്ചു ടെസ്റ്റുകളിൽ 190 റൺസാണ് താരം ആകെ നേടിയത്. ഭൂരിപക്ഷം ഇന്നിങ്സുകളിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങിയാണ് താരം പുറത്തായത്. വെള്ളിയാഴ്ച ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) രഞ്ജിക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കും. കോഹ്ലി കളിക്കുമോ എന്ന് നാളെ അറിയാനാകും. ഏഴു വർഷത്തെ ഇടവേളക്കുശേഷമാണ് പന്ത് രഞ്ജിയിലേക്ക് തിരിച്ചെത്തുന്നത്.
2017-2018 സീസണിൽ വിദർഭക്കെതിരെയാണ് താരം അവസാനമായി രഞ്ജി കളിച്ചത്. ടീം സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച ഉച്ചക്കുശേഷം യോഗം ചേരുമെന്നും സൗരാഷ്ട്രക്കെതിരായ എവേ മത്സരത്തിൽ പന്ത് ടീമിന്‍റെ നായകനാകുമെന്നും മുതിർന്ന ഡി.ഡി.സി.എ ഒഫിഷ്യലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയുടെ അടുത്ത രണ്ടു രഞ്ജി മത്സരങ്ങൾക്കുള്ള സാധ്യത ടീമിൽ കോഹ്ലിയുടെ പേരുണ്ട്. ജനുവരി 30ന് റെയിൽവേസിനെതിരെയാണ് ലീഗിലെ ഡൽഹിയുടെ അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.