റിച്ച ഘോഷ്

ബംഗാളിന്റെ ആദരം; ‘റിച്ച ഘോഷ് ക്രിക്കറ്റ് സ്റ്റേഡിയം’ ഒരുങ്ങുന്നു

കൊൽക്കത്ത: ആദ്യമായി വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്കായി പൊരുതി നേടിയ വിക്കറ്റ് ബാറ്റർ റിച്ച ഘോഷിന് ആദരമർപ്പിക്കാൻ റിച്ചയുടെ പേരിൽ സിലിഗുരിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ ഇരുപത്തിരണ്ടുകാരി ടീമി​ന്റെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. റിച്ചയുടെ ജന്മനാടായ വടക്കൻ ബംഗാളിലെ സിലിഗുരിയിലെ ചാന്ദ്മണി ടീ എസ്റ്റേറ്റിലെ 27 ഏക്കർ സ്ഥലത്താണ് ‘റിച്ച ക്രിക്കറ്റ് സ്റ്റേഡിയം’നിർമിക്കുക. ബംഗാളിലെ ഏറ്റവും മികച്ച കായിക പ്രതിഭകളിൽ ഒരാളായ റിച്ചയെ ആദരിക്കുന്നതിനും വടക്കൻ ബംഗാളിൽ നിന്നുള്ള കൂടുതൽ യുവ ക്രിക്കറ്റ് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണിതെന്ന് മമര ബാനർജി സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ​

ശനിയാഴ്ച പശ്ചിമ ബംഗാൾ സർക്കാർ റിച്ച ഘോഷിനെ ‘ബംഗാ ഭൂഷൺ’ അവാർഡ് നൽകി ആദരിച്ചിരുന്നു. സംസ്ഥാനം നൽകു​ന്ന ഉന്നത സിവിലിയൻ ബഹുമതിയാണ് ബംഗ ഭൂഷൺ. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡി.എസ്.പി) ആയി നിയമിച്ചുകൊണ്ടുള്ള നിയമന ഉത്തരവും , ഒരു സ്വർണ്ണ മാലയും ബംഗാൾ സർക്കാറിന്റെ ഉപഹാരമായി സമ്മാനിച്ചിരുന്നു, ഇതുകൂടാതെ ഫൈനൽ മൽസരത്തിൽ റിച്ച നേടിയ ഓരോ റൺസിനും ഒരുലക്ഷം രൂപനിരക്കിൽ 34 ലക്ഷം രൂപയും സമ്മാനിച്ചിരുന്നു. ബംഗാൾ ​ക്രിക്കറ്റ് അസോസിയേഷന്റെ വക സ്വർണ ക്രിക്കറ്റ് ബാറ്റും ​ബാളും നൽകിയിരുന്നു.

ടൂർണമെന്റിലുടനീളം, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 39.16 ശരാശരിയിലും 133.52 സ്ട്രൈക്ക് റേറ്റിൽ 235 റൺസ് റിച്ച നേടിയിരുന്നു. കൂടാതെ ഒരു വനിത ലോകകപ്പിൽ 12 സിക്‌സറുകൾ എന്ന ഡിയാൻഡ്ര ഡോട്ടിന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഫൈനൽ മൽസരത്തിൽ ഏഴാമതായി ബാറ്റ് ചെയ്ത റിച്ച 24 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടെ 34 റൺസ് നേടി. ഇന്ത്യയുടെ 298 എന്ന വെല്ലുവിളി നിറഞ്ഞ സ്കോർ നേടാൻ സഹായിച്ചിരുന്നു. 

Tags:    
News Summary - Richa is the country's pride; 'Richa Ghosh Cricket Stadium' is being prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.