കൊൽക്കത്ത: വനിതാ ക്രിക്കറ്റ് താരം റിച്ച ഘോഷ് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്.ഇന്ത്യക്കായി ലോകകപ്പ് കിരീടം നേടിയ ടീമംഗമാണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നുള്ള താരത്തിന്റെ പേര് വോട്ടർ പട്ടികയിൽ 'പുനഃപരിശോധനയിൽ' എന്ന് രേഖപ്പെടുത്തിയതാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. റിച്ചയുടെ സഹോദരി ശ്രീഷാ ഘോഷിന്റെ പേരും അന്തിമ പട്ടികയിലില്ല.
അടുത്തിടെ നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്.ഐ.ആർ) പിന്നാലെയാണ് സംഭവം. 2025-ലെ ഐ.സി.സി വനിതാ ലോകകപ്പും 2023-ലെ അണ്ടർ 19 ടി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമാണ് വിക്കറ്റ് കീപ്പറും ബാറ്ററുമായ റിച്ച ഘോഷ്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് താരം. സിലിഗുരിയിലെ 19-ാം വാർഡിലാണ് റിച്ചയും സഹോദരിയും ജനിച്ചതും വളർന്നതും. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു അന്താരാഷ്ട്ര താരത്തിന്റെ വോട്ടവകാശവും പൗരത്വവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഹിയറിങ്ങിന് ഹാജരാകാൻ നേരത്തെ നോട്ടീസ് ലഭിച്ചിരുന്നതായി റിച്ചയുടെ പിതാവ് മാനബേന്ദ്ര ഘോഷ് പറഞ്ഞു. "ആ സമയത്ത് റിച്ച സ്ഥലത്തില്ലായിരുന്നതിനാൽ ആവശ്യമായ രേഖകളെല്ലാം അധികൃതർക്ക് മുൻപാകെ കൃത്യമായി സമർപ്പിച്ചിരുന്നു. എന്നിട്ടും മക്കൾ രണ്ടുപേരും പട്ടികയിൽ ഉൾപ്പെടാത്തത് ഞങ്ങളെ ഏറെ അമ്പരപ്പിച്ചു. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരെ സമീപിച്ച് വ്യക്തത തേടും," അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ രൂക്ഷവിമർശനവുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷൻ ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സിലിഗുരി മേയർ ഗൗതം ദേബ് ആരോപിച്ചു.
"ബംഗാളിന്റെ അഭിമാനവും ഇന്ത്യയുടെ ഹീറോയുമായ ഒരു ലോകകപ്പ് ജേതാവിന്റെ പേര് പോലും വോട്ടർ പട്ടികയിൽ പുനഃപരിശോധനയിലാണ്. വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്ന ഒരാൾ ഇത്തരമൊരു അപമാനകരമായ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരികയും അവരുടെ ജനാധിപത്യാവകാശം തുലാസിലാകുകയും ചെയ്യുന്നത് തികച്ചും അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണ്," തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.