ജോണി ബെയർസ്റ്റോ സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ച് പങ്കുവെച്ച പോസ്റ്റുകൾ 

ഞങ്ങളെയൊന്നു നാട്ടിൽ എത്തിക്കാമോ; അബുദാബിയിൽ കുടുങ്ങി ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ട് ടീമും

അബുദാബി: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ-ഇസ്രായേൽ പോരാട്ടം രൂക്ഷമായതോടെ യു.എ.ഇയിൽ കുടുങ്ങി ഇംഗ്ലണ്ട് ലയൺസ് ക്രിക്കറ്റ് ടീം (ഇംഗ്ലണ്ട് എ ടീം). മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്ററും നിലവിൽ ടീമിന്റെ പരിശീലക സംഘാംഗവുമായ ജോണി ബെയർസ്റ്റോ തങ്ങളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറോട് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെയാണ് അബുദാബിയിലുള്ള 25 അംഗ ഇംഗ്ലണ്ട് ലയൺസ് ടീം പ്രതിസന്ധിയിലായത്.

 


ജോണി ബെയർസ്റ്റോ

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഔദ്യോഗിക പ്രസ്താവനയ്ക്ക് താഴെ "ഞങ്ങളെ നാട്ടിലെത്തിക്കാമോ? എന്നാണ് ബെയർസ്റ്റോ എക്സിൽ കുറിച്ചത്. യു.എ.ഇയിലെ ബ്രിട്ടീഷ് എംബസിയെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ദുബൈയിൽ നിന്നുള്ള വിവരങ്ങൾ ആർക്കെങ്കിലും ലഭ്യമാണെങ്കിൽ പങ്കുവെക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കാനും അദ്ദേഹം മറ്റൊരു പോസ്റ്റിൽ അഭ്യർഥിച്ചു. വിമാനം റദ്ദാക്കിയതിനെ തുടർന്ന് എമിറേറ്റ്സ് എയർലൈൻസിനോടും അദ്ദേഹം വിശദീകരണം തേടിയിട്ടുണ്ട്. മുൻ ഇതിഹാസ താരം ആൻഡ്രൂ ഫ്ലിന്റോഫ് മുഖ്യ പരിശീലകനായുള്ള സംഘത്തിലാണ് 35-കാരനായ ബെയർസ്റ്റോ ഉള്ളത്.

അബുദാബിയിലും ദുബൈയിലുമടക്കം വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാൻ അധികൃതർ ജനങ്ങൾക്ക് മൊബൈൽ അലർട്ടുകൾ നൽകിയിരുന്നു. ഈ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് ലയൺസ്-പാകിസ്താൻ ഷഹീൻസ് രണ്ടാം ഏകദിന മത്സരം ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) അടിയന്തരമായി റദ്ദാക്കി.കളിക്കാരുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. സുരക്ഷാ വിദഗ്ധരുമായും സർക്കാരുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക നിർദേശങ്ങൾ പാലിച്ചാണ് മുന്നോട്ട് പോകുന്നത്," ഇ.സി.ബി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്തയാഴ്ച നടക്കാനിരുന്ന ഇംഗ്ലണ്ട് വനിതാ ടീമിന്റെ യു.എ.ഇ പര്യടനവും താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്.

Tags:    
News Summary - Jonny Bairstow stuck in Abu Dhabi amid Iran-Israel & US tensions, seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.