'കോലിയെയും രോഹിത്തിനെയും കണ്ടുപഠിച്ചു'; ഈഡനിൽ റെക്കോർഡുകൾ കടപുഴക്കി സഞ്ജുവിന്റെ വിശ്വരൂപം

കൊൽക്കത്ത: ചില ഇന്നിങ്സുകൾക്ക് സെഞ്ചുറിയേക്കാൾ തിളക്കമുണ്ടാകും, ചിലതിന് കരിയറിനോളവും. കാത്തിരുന്ന നിമിഷം കാവ്യനീതി പോലെ ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ യാഥാർഥ്യമാക്കിയപ്പോൾ തകർന്നുവീണത് വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഉൾപ്പെടെയുള്ള വമ്പൻ റെക്കോർഡുകളാണ്. ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ പോരാട്ടത്തിൽ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ സെമിയിലെത്തിച്ചത് സഞ്ജുവിന്റെ ഒറ്റയാൾ (50 പന്തിൽ 97*) പോരാട്ടമാണ്.

12 ഫോറും നാല് സിക്‌സും ഉൾപ്പെടുന്ന സഞ്ജുവിന്റെ ഇന്നിങ്സ് ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 2024-ൽ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ നേടിയ 92 റൺസാണ് സഞ്ജു മറികടന്നത് (2010-ൽ ദക്ഷിണാഫ്രിക്കക്കെതിരെ സുരേഷ് റെയ്‌ന നേടിയ 101 റൺസാണ് ഒന്നാമത്). റൺ ചേസിങ്ങിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 2016-ൽ വിരാട് കോലി നേടിയ 82 റൺസാണ് ഈഡനിൽ പഴങ്കഥയായത്. സഞ്ജുവും രണ്ടാമതുള്ള കോലിയും തമ്മിൽ 70 റൺസിന്റെ വലിയ വ്യത്യാസമാണുള്ളത്. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ വിജയകരമായി പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോർ എന്ന നേട്ടവും ഈ മത്സരത്തോടെ ടീം സ്വന്തമാക്കി.

വർഷങ്ങളായി ഡഗ് ഔട്ടിലിരുന്ന് കോലിയെയും രോഹിത്തിനെയും നിരീക്ഷിച്ചതാണ് തനിക്ക് കരുത്തായതെന്ന് സഞ്ജു പറഞ്ഞു. "എനിക്ക് ലോകം കീഴടക്കിയ സന്തോഷമാണിപ്പോൾ. രാജ്യത്തിന് വേണ്ടി കളിച്ചു തുടങ്ങിയ കാലം മുതൽ ഞാൻ കാത്തിരുന്ന ദിവസമാണിത്. കഴിഞ്ഞ 12 വർഷമായി ഐ.പി.എൽ കളിക്കുന്നു 10 വർഷമായി ഞാൻ ഇന്ത്യൻ ടീമിനൊപ്പവുമുണ്ട്. എപ്പോഴും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഡഗ് ഔട്ടിലിരുന്ന് വിരാട് കോലിയെയും രോഹിത് ശർമയെയും പോലുള്ള ഇതിഹാസങ്ങളെ ഞാൻ നിരീക്ഷിച്ചു. പ്രതിസന്ധി ഘട്ടങ്ങളെ അവർ എങ്ങനെ നേരിടുന്നുവെന്ന് ഞാൻ കണ്ടുപഠിച്ചു," സഞ്ജു വ്യക്തമാക്കി. ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനായിരുന്നു ലക്ഷ്യമെങ്കിലും വിക്കറ്റുകൾ വീണതോടെ ശൈലി മാറ്റുകയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. "തുടക്കത്തിൽ തന്നെ വിക്കറ്റുകൾ പോയതോടെ പതിയെ ഒരു കൂട്ടുകെട്ട് പടുത്തുയർത്താനാണ് ഞാൻ ശ്രമിച്ചത്. ഓരോ പന്തിനെയും അതിന്റെ മെറിറ്റിൽ നേരിട്ടു. ഇങ്ങനെയൊരു പ്രത്യേക ഇന്നിങ്സ് കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല," താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sanju Samson scripts history, rewrites record books to surpass Virat Kohli, Rohit sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.