പിച്ചിനെ വിശ്വസിച്ചിരുന്നു, ആത്മവിശ്വാസം ഓവറായി, ക്രീസില്‍ നില്‍ക്കാന്‍ മറന്നു പോയി! -എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങളുണ്ട്

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്കുണ്ടായിരുന്ന എഡ്ജ് എങ്ങനെ ഇല്ലാതായി! ആദ്യ മൂന്ന് ദിവസം ആധിപത്യം സ്ഥാപിച്ച സന്ദര്‍ശക ടീം ആതിഥേയരുടെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ തോറ്റമ്പിയതെങ്ങനെ? പരമ്പര വിജയം സ്വപ്‌നം കണ്ടിരുന്ന ഇന്ത്യക്ക് വലിയ ജാഗ്രതക്കുറവ് സംഭവിച്ചു. ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം ഇംഗ്ലണ്ട് നേടിയത് എതിരാളിയുടെ ജാഗ്രതക്കുറവ് മുതലെടുത്ത് കൊണ്ടായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ 132 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ കൂടുതല്‍ നേരം ബാറ്റ് ചെയ്യാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുമ്പോള്‍, അവസാന ടെസ്റ്റ് സമനിലയായാലും ഇന്ത്യക്ക് ഇംഗ്ലണ്ട് യാത്ര പരമ്പര വിജയത്തോടെ അവിസ്മരണീയമാക്കാമായിരുന്നു. എന്നാല്‍, ഇംഗ്ലണ്ടിന് മുന്നില്‍ 378 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചാല്‍ കാര്യങ്ങള്‍ സേഫ് ആണെന്ന് ഇന്ത്യ കരുതി. ജോ റൂട്ടും (142), ബെയര്‍സ്‌റ്റോയും (114) പുറത്താകാതെ തകര്‍ത്താടിയപ്പോള്‍ ടീം ഇന്ത്യയുടെ കണക്ക്കൂട്ടലുകളെല്ലാം പിഴച്ചു.

ടെസ്റ്റില്‍ ഒരു ക്യാച്ചിന്റെ വില എന്താണെന്ന് ഇന്ത്യന്‍ ടീം ശരിക്കും അറിഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ ബെന്‍ സ്റ്റോക്‌സിനെ രണ്ട് തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടു കളഞ്ഞത്. ജോണി ബെയര്‍സ്‌റ്റോയെ രണ്ടാം ഇന്നിംഗ്‌സില്‍ ഹനുമ വിഹാരി കൈവിട്ടത് വലിയ തിരിച്ചടിയായി.

ഇംഗ്ലണ്ട് ആതിഥേയരാണ്. അവര്‍ സ്വന്തം മണ്ണില്‍ ഗംഭീരമായി തിരിച്ചുവന്നേക്കും എന്നൊരു ജാഗ്രത ഇന്ത്യക്കുണ്ടായില്ല. 350ന് മുകളില്‍ വിജയലക്ഷ്യം വെച്ചതോടെ മത്സരം വരുതിയിലായെന്ന അമിതാത്മവിശ്വാസം സന്ദര്‍ശകര്‍ക്കുണ്ടായി. അത് വലിയ ദോഷം ചെയ്തു. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അതിവേഗം റണ്‍സടിക്കാന്‍ തീരുമാനിച്ചതോടെ ബൗളര്‍മാരുടെ കിളി പോയി.

ഇതിനൊരു കാരണം പിച്ചിന്റെ സ്വഭാവമാണ്. ആദ്യ മൂന്ന് ദിവസം പേസര്‍മാര്‍ക്ക് അവരുദ്ദേശിച്ച രീതിയില്‍ സ്വിംഗും ബൗണ്‍സും ലഭിച്ചെങ്കില്‍ നാലാം ദിവസം പിച്ച് ബാറ്റര്‍മാരുടേതായി. സ്വിംഗ് ചെയ്യാത്ത പന്തുകള്‍ വമ്പനടിക്കാരായ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ കണ്ടം കടത്തി.


Tags:    
News Summary - Reasons for India's defeat against england at Edgbaston

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.