കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ സൽമാൻ നിസാർ

രഞ്ജി ട്രോഫി: രണ്ടാം ഇന്നിങ്സിൽ ശക്തമായി തിരിച്ചടിച്ച് കശ്മീർ, 179 റൺസിന്റെ ലീഡ്

പുണെ: രഞ്ജിയിൽ കേരളത്തിന്റെ സെമി പ്രതീക്ഷകളിലേക്ക് അവിശ്വസനീയമായി ബാറ്റുവീശിയ സൽമാൻ നിസാറിന്റെ ഉശിരൻ സെഞ്ച്വറി കണ്ട മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോൾ ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സിൽ 179 റൺസിന്റെ ലീഡെടുത്തു. 57 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലാണ് ജമ്മു കശ്മീർ. 73 റൺസുമായി ക്യാപ്റ്റൻ ഡോഗ്രയും 42 റൺസുമായി കനയ്യ വദുവാനുമാണ് ക്രീസിൽ. എസ്.പി കജൂരിയ (2), യാവർ ഹസൻ (16), വിവ്രാന്ത് ശർമ (37) എന്നിവരാണ് പുറത്തായത്.

നേരത്തെ, സൽമാൻ നിസാറിന്‍റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിലാണ് കേരളം ഒരു റണ്ണിന്‍റെ അവിശ്വസനീയ ലീഡ് നേടിയത്.

കശ്മീരിന്‍റെ ഒന്നാം ഇന്നിങ്സ് 280 റൺസിൽ അവസാനിച്ചിരുന്നു. ഒരു റൺ ലീഡ്. പത്താം വിക്കറ്റിൽ കശ്മീരിന്‍റെ പേസ്, സ്പിൻ ആക്രമണത്തെ ചെറുത്തുനിന്ന് സൽമാനും ബേസിൽ തമ്പിയും 132 പന്തിൽ നേടിയ 81 റൺസാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. മൂന്നാംദിനം ഒമ്പത് വിക്കറ്റിൽ 200 റൺസെന്ന നിലയിലാണ് കേരളം ബാറ്റിങ് പുനരാരംഭിച്ചത്. 172 പന്തിൽ 112 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. നാലു സിക്സും 12 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ബേസിൽ തമ്പി 35 പന്തിൽ രണ്ടു ഫോറടക്കം 15 റൺസെടുത്തു.

മത്സരം സമനിലയിൽ കലാശിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് സെമിയിലെത്താനാകും. കശ്മീർ പേസർ ആക്വിബ് നബിയുടെ തകർപ്പൻ ബൗളിങ്ങാണ് രണ്ടാംദിനം കേരളത്തെ തകർത്തത്. 27 ഓവറിൽ എട്ടു മെയ്ഡനടക്കം 53 റൺസ് വഴങ്ങി ആറു വിക്കറ്റാണ് താരം വീഴ്ത്തിയത്. കേരളത്തിനായി ജലജ് സക്സേന അർധ സെഞ്ച്വറി നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 78 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 67 റൺസെടുത്താണ് താരം പുറത്തായത്. ഒരുഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിലായിരുന്നു കേരളം. രോഹന്‍ കുന്നുമ്മല്‍ (ഒന്ന്), ഷോണ്‍ റോജര്‍ (0), നായകൻ സചിന്‍ ബേബി (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിലെ നഷ്ടമായത്.

മൂന്നാം ഓവറില്‍ രോഹന്‍ കുന്നുമ്മലിനെ വിവ്രാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് ആക്വിബ് നബി വികറ്റ് വേട്ട തുടങ്ങിയത്. അതേ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ കനയ്യ വധ്‌വാന്‍റെ കൈകളിലെത്തിച്ച് കേരളത്തിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റന്‍ സചിന്‍ ബേബി ക്ലീൻ ബൗൾഡ്.

സക്സേനയും അക്ഷയ് ചന്ദ്രനും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് കേരളത്തെ നൂറു കടത്തിയത്. പിന്നാലെ സക്സേനയെ നബി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ അക്ഷയ് ചന്ദ്രനും മടങ്ങി. 124 പന്തിൽ 29 റൺസെടുത്ത താരം സാഹിൽ ലോത്രയുടെ പന്തിലാണ് പുറത്തായത്. ഒരറ്റത്ത് സൽമാൻ നിസർ പിടിച്ചുനിന്നെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീൻ (15 പന്തിൽ 15), ആദിത്യ സർവാതെ (ഒന്ന്) എന്നിവരെല്ലാം വേഗം മടങ്ങി.

എം.ഡി നിധീഷ് 36 പന്തിൽ 30 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തി. റണ്ണൊന്നും എടുക്കാതെ എൻ. ബേസിലും മടങ്ങി. ബേസിൽ തമ്പിയാണ് ഇനി ബാറ്റിങ്ങിന് ഇറങ്ങാനുള്ളത്. കശ്മീരിനായ യുധ്വീർ സിങ്, സാഹിൽ ലോത്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ എട്ടിന് 228 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കശ്മീർ വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്‍റെ കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ‌്‌വീര്‍ സിങ്ങുമാണ് ടീം സ്കോർ 250 കടത്തിയത്.

എതിരാളികളെ 250നുള്ളില്‍ ഒതുക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ തെറ്റിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം. കേരളത്തിനായി നിധീഷ് എം.ഡി ആറു വിക്കറ്റ് നേടി. ആദിത്യ സർവാതെ രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ കേരളം കശ്മീരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു.

Tags:    
News Summary - Ranji Trophy quarter-final: Jammu and Kashmir take 179-run lead against Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.