ഗില്ലിനും ബട്ട്ലർക്കും അർധ സെഞ്ച്വറി; ഗുജറാത്തിനെതിരെ രാജസ്ഥാന് 210 റൺസ് വിജയലക്ഷ്യം

ജയ്പൂർ: ഐ.പി.എല്ലിലെ നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 210 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെടുത്തത്. 50 പന്തിൽ 84 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലിന്റെയും 26 പന്തിൽ 50 റൺസെടുത്ത ജോസ് ബട്ട്ലറിന്റെയും ഇന്നിങ്സാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഗംഭീര തുടക്കമാണ് ഓപണർമാരായ ശുഭ്മാൻ ഗില്ലും സായ്സുദർശനും നൽകിയത്. 93 റൺസിലാണ് ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താനാകുന്നത്. 30 പന്തിൽ 39 റൺസെടുത്ത സായ് സുദർശനെ മഹീഷ് തീക്ഷ്ണയുടെ പന്തിൽ റിയാൻ പരാഗ് പിടിച്ച് പുറത്താക്കുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്ട്ലർ പതിവ് പോലെ വെടിക്കെട്ട് മൂഡിലായിരുന്നു. ഗില്ലിനൊപ്പം സ്കോർ ചേർന്ന് സ്കോർ അതിവേഗം ചലിപ്പിച്ചു. സെഞ്ച്വറിയിലേക്കെന്ന് തോന്നിപ്പിച്ച നായകൻ ഗില്ലിന്റെ ഇന്നിങ്സ് അവസാനിപ്പിച്ച് തീക്ഷ്ണ രാജസ്ഥാന് അടുത്ത ബ്രേക്കിനുള്ള വഴിയൊരുക്കി. 50 പന്തിൽ  84 റൺസെടുത്ത ഗിൽ പുറത്താകുമ്പോൾ ഗുജറാത്ത് സ്കോർ ബോർഡ് 16.4 ഓവറിൽ 167ലെത്തിയിരുന്നു.

തുടർന്നെത്തിയ വാഷിങ്ടൺ സുന്ദർ എട്ടു പന്തിൽ 13 റൺസെടുത്ത് സന്ദീപ് ശർമക്ക് വിക്കറ്റ് നൽകി മടങ്ങി. ഒൻപത് റൺസെടുത്ത് രാഹുൽ തിവാത്തിയയും പുറത്തായി. 26 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 50 റൺസെടുത്ത ബട്ട്ലറും അഞ്ച് റൺസെടുത്ത ഷാറൂഖ് ഖാനും പുറത്താകാതെ നിന്നു. 

Tags:    
News Summary - rajasthan royals vs gujarat titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.