ഛണ്ഡിഗഢ്: അർധ സെഞ്ച്വറിയുമായി യശ്വസി ജയ്സ്വാൾ മുന്നിൽ നിന്ന് പടനയിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സിന് 206 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട രാജസ്ഥാന് മികച്ച തുടക്കമാണ് ക്യാപ്റ്റൻ സഞ്ജു സാംസണും ജയ്സ്വാളും കൂടി നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ രാജസ്ഥാന് വേണ്ടി 89 റൺസ് കൂട്ടിച്ചേർത്തു. 11ാം ഓവറിൽ 38 റൺസെടുത്ത സഞ്ജു സാംസണെ ഫെർഗൂസൺ പുറത്താക്കിയെങ്കിലും ഒരറ്റത്ത് ജയ്സ്വാൾ ഉറച്ച് നിന്നതോടെ രാജസ്ഥാൻ റോയൽസ് സ്കോർ അനായാസം 100 കടന്നു.
എന്നാൽ, സ്കോർ 123ൽ നിൽക്കെ 67 റൺസെടുത്ത ജയ്സ്വാളിനേയും 133ൽ നിൽക്കെ 12 റൺസെടുത്ത നിതീഷ് റാണയേയും പുറത്താക്കി പഞ്ചാബ് കിങ്സ് മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുവെങ്കിലും പരാഗും ഹെറ്റ്മെയറും ഒത്തുചേർന്നതോടെ രാജസ്ഥാൻ സ്കോർ ചലിച്ചു. ഇതിനൊപ്പം പഞ്ചാബ് ഫീൽഡർ വിട്ടുകളഞ്ഞ ക്യാച്ചുകളും രാജസ്ഥാൻ ഇന്നിങ്സിൽ നിർണായകമായി.
ഒടുവിൽ സ്കോർ 185ൽ നിൽക്കെ ഹെറ്റ്മെയർ പുറത്തായെങ്കിലും 43 റൺസെടുത്ത പരാഗിന്റെ ഇന്നിങ്സ് രാജസ്ഥാൻ സ്കോർ 200 കടത്തുകയായിരുന്നു. ധ്രുവ് ജൂറൽ അഞ്ച് പന്തിൽ 13 റൺസെടുത്ത് പുറത്താകാതെ നിന്നു.
പഞ്ചാബ് ബൗളർമാരിൽ രണ്ട് വിക്കറ്റെടുത്ത ഫെർഗൂസനാണ് തിളങ്ങിയത്. രാജസ്ഥാനിൽ നിന്നും പഞ്ചാബിലെത്തിയ യൂസ്വേന്ദ്ര ചഹലിന് കളിയിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. മൂന്ന് ഓവർ പന്തെറിഞ്ഞ ചഹൽ 32 റൺസ് വിട്ടുകൊടുത്തുവെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.