വില്ലനായി പാക് സ്റ്റേഡിയത്തിലെ വെളിച്ചം; പന്ത് നെറ്റിയിലിടിച്ച് ചോരവന്നതോടെ കളംവിട്ട് രചിൻ രവീന്ദ്ര

ലാഹോർ: പാകിസ്ഥാനിൽ നടക്കുന്ന ന്യൂസിലാൻഡ് - പാകിസ്ഥാൻ ത്രിരാഷ്ട്ര പരമ്പരയിലെ മത്സരത്തിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ ന്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗദ്ധാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ പാക്കിസ്ഥാന്റെ 37-ാം ഓവറിലാണ് സംഭവം നടന്നത്. പാക് താരം ഖുഷ്ദിൽ ഷാ സ്വീപ് ചെയ്ത പന്ത് നേരേ വന്നത് രചിന്റെ നേർക്കായിരുന്നു. സ്റ്റേഡിയത്തിലെ ലൈറ്റുകളുടെ വെളിച്ചക്കുറവ് കാരണം പന്ത് കൃത്യമായി ഗതി നിർണ്ണയിക്കാൻ താരത്തിന് സാധിച്ചില്ല. ക്യാച്ച് എടുക്കാനുള്ള ശ്രെമത്തിനിടയിൽ പന്ത് രവീന്ദ്രയുടെ നെറ്റിയിൽ പതിച്ച് രക്തസ്രാവമുണ്ടായി.

ഫെബ്രുവരി 19-ന് ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകേണ്ട പാകിസ്താനിലെ ക്രിക്കറ്റ് മൈതാനത്താണ് ഇത്തരമൊരു ശുഭകരമല്ലാത്ത കാര്യം നടന്നത്. ഇത് മറ്റു ടീമുകളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഐസിസി നിഷ്‌കർഷിച്ച സമയപരിധി കഴിഞ്ഞിട്ടും കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങൾ നവീകരിച്ച് ഐസിസിക്ക് കൈമാറാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് സാധിച്ചിരുന്നില്ല. പാകിസ്താനിൽ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച ഐസിസി, ടീമിന്റെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ രചിൻ രവീന്ദ്രയ്ക്ക് പരിക്കേൽക്കുക കൂടി ചെയ്തതോടെ ക്രിക്കറ്റ് ബോർഡിനെതിരേ പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്.


ഫ്‌ളഡ്‌ലൈറ്റുകളുടെ നിലവാരത്തിൽ ന്യൂസിലാൻഡ് ടീം സംശയം ഉന്നയിച്ചതിനെ തുടർന്ന് ലൈറ്റുകളുടെ ഗുണനിലവാരം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് നിരവധിയാളുകളാണ് കളിക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ പങ്കുവെച്ചത്. 

Tags:    
News Summary - Rachin Ravindra left the field after the ball hit his forehead and bleeding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.