ക്യാപ്റ്റൻമാരായ ബാബർ അഅ്സമും കെയ്ൻ വില്യംസണും

ട്വന്‍റി20 ലോകകപ്പ് സെമിയിൽ ഇന്ന് പാകിസ്താൻ ന്യൂസിലൻഡിനെതിരെ

സിഡ്നി: ഇക്കുറി ട്വന്റി20 ലോകകപ്പ് സെമി ഫൈനലുറപ്പിച്ച ആദ്യം ടീമാണ് ന്യൂസിലൻഡ്. തുടർതോൽവികളിൽ തുടങ്ങി ഗംഭീര തിരിച്ചുവരവിനൊപ്പം ഭാഗ്യത്തിന്റെ അകമ്പടികൂടി ചേർന്ന് കയറിക്കൂടിയവർ പാകിസ്താൻകാർ. ഗ്രൂപ് ഒന്ന് ജേതാക്കളും ഗ്രൂപ് രണ്ട് റണ്ണറപ്പായ പാകിസ്താനും ബുധനാഴ്ച സെമിയിൽ മുഖാമുഖം വരുന്നു.

ട്വന്റി20യുടെ അനിശ്ചിതത്വം പ്രവചനം അസാധ്യമാക്കുമ്പോൾ കെയ്ൻ വില്യംസണിന്റെയും ബാബർ അഅ്സമിന്റെയും ടീമുകൾ ശുഭപ്രതീക്ഷയിലാണ്. കിവികൾക്ക് തുടർച്ചയായ രണ്ടാം ഫൈനലാണ്. രണ്ടു തവണ ഫൈനലിലെത്തുകയും ഒരു പ്രാവശ്യം കിരീടം നേടുകയും ചെയ്തതാണ് പാക് ചരിത്രം. ഒരേയൊരു വട്ടം കലാശപ്പോരാട്ടത്തിനിറങ്ങിയെങ്കിലും കപ്പെടുക്കാൻ കഴിഞ്ഞിരുന്നില്ല ന്യൂസിലൻഡിന്.

ഷഹീൻഷാ അഫ്‍രീദി നയിക്കുന്ന പാക് പേസ് ബൗളിങ് ആക്രമണം ഏതു ലോകോത്തര ബാറ്റർക്കും വെല്ലുവിളിയാണിപ്പോൾ. ഓപണർമാരായ ബാബർ അഅ്സമും മുഹമ്മദ് റിസ്‍വാനും ഇനിയും യഥാർഥ ഫോമിലേക്കു‍യർന്നിട്ടില്ലെന്നത് ടീമിന് തലവേദന സൃഷ്ടിക്കുന്നു. പേസർമാരായ ടിം സൗത്തിയുടെയും ട്രെന്റ് ബോൾട്ടിന്റെയും പരിചയസമ്പത്തിനു മുന്നിൽ പാക് ബാറ്റർമാർ മുട്ടുമടക്കുമെന്ന പ്രതീക്ഷയിലാണ് കിവികൾ. ലോക്കി ഫർഗൂസൻ ഉൾപ്പെടെയുള്ള ബൗളർമാരും നന്നായി പന്തെറിയുന്നുണ്ട്.

ബാറ്റിങ്ങിൽ ക്യാപ്റ്റൻ വില്യംസണിന്റെ സ്ഥിരതയും മുതൽക്കൂട്ടാണ്. നിലവിലെ ജേതാക്കളായ ആസ്ട്രേലിയയെത്തന്നെ തോൽപിച്ചാണ് സെമിയിലേക്ക് യാത്ര തുടങ്ങിയത്. പാകിസ്താനാവട്ടെ, പുറത്താകലിന്റെ വക്കിൽനിന്ന് എത്തിയവരും.

നാളെ ഇന്ത്യയും ഇംഗ്ലണ്ടും

അഡലെ‍യ്ഡ്: രണ്ടാം സെമി ഫൈനലിൽ വ്യാഴാഴ്ച ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഗ്രൂപ് രണ്ടിലെ ജേതാക്കളാണ് ഇന്ത്യ. ഇംഗ്ലണ്ട് ഗ്രൂപ് ഒന്നിലെ രണ്ടാം സ്ഥാനക്കാരും. മൂന്നാം ഫൈനലാണ് ഇരു ടീമിന്റെയും ലക്ഷ്യം. കലാശക്കളിയിൽ ഓരോ തവണ ജയിക്കുകയും തോൽക്കുകയും ചെയ്തതാണ് ചരിത്രം.

Tags:    
News Summary - Pakistan vs New Zealand, T20 World Cup 2022 1st semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.