ഐ.പി.എല്ലിലെ കരുത്തുറ്റ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ജേതാക്കളായ ടീം ഇത്തവണ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് മിന്നുംപ്രകടനമാണ് തുടരുന്നത്. അവസാന അഞ്ച് മത്സരങ്ങളും ജയിച്ച ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിലുള്ള ടീം 10 കളികളിൽ ആറ് ജയവുമായി പോയിന്‍റ് പട്ടികയിൽ രണ്ടാംസ്ഥാനത്താണ്.
ഇന്നത്തെ മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെ പരാജയപ്പെടുത്തിയതോടെ ഐ.പി.എല്ലിൽ 150 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡാണ് മുംബൈക്കാർ സ്വന്തമാക്കിയത്. ആകെ 18 സീസണുകളിലായി 272 മത്സരങ്ങളാണ് ടീം കളിച്ചത്. ഇതിൽ 150 മത്സരങ്ങൾ ജയിച്ചപ്പോൾ 121 മത്സരങ്ങളിൽ പരാജയപ്പെട്ടു. ഒന്നിൽ ഫലമില്ലാതായി.
ഇന്നത്തെ മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ 54 റൺസ് ജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈ ജയം അനായാസമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 161 റൺസിന് ഓൾഔട്ടായി.
35 റൺസെടുത്ത ആയുഷ് ബദോനിയും 34 റൺസെടുത്ത മിച്ചൽ മാർഷും മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. നായകൻ റിഷഭ് പന്ത് ഒരിക്കൽ കൂടി (നാല് റൺസ്) വൻ പരാജയമായി. ഓപണർ എയ്ഡൻ മാർക്രം ഒൻപത് റൺസെടുത്ത് പുറത്തായി. നിക്കോളാസ് പൂരാൻ (27) ഡേവിഡ് മില്ലർ (24) രവി ബിഷ്ണോയ് (13) എന്നിവരാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ. ട്രെൻറ് ബോൾട്ട് മൂന്നും വിൽജാക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ, 32 പന്തിൽ 58 റൺസെടുത്ത റിയാൻ റിക്കെൽട്ടന്റെയും 28 പന്തിൽ 54 റൺസെടുത്ത സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സാണ് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചത്. രോഹിത് ശർമ 12ഉം തിലക് വർമ ആറും നായകൻ ഹാർദിക് പാണ്ഡ്യ അഞ്ചും റൺസെടുത്ത് പുറത്തായി. വിൽ ജാക്സ് ( 29) നമൻ ധിർ (25) കോർബിൻ ബോഷ് (20) എന്നിവരുടെ ചെറുത്ത് നിൽപാണ് സ്കോർ 200 കടത്തിയത്. ലഖ്നോക്ക് വേണ്ടി മായങ്ക് അഗർവാളും അവേശ് ഖാനും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.