രാജ്യത്തിന് വേണ്ടി കളിക്കുന്നത് പ്രചോദനമെന്ന് മുഹമ്മദ് ഷമി; താരം ചാമ്പ്യൻസ് ട്രോഫി കളിക്കുമോ?

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെ, ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പേസർ മുഹമ്മദ് ഷമി ടൂർണമെന്‍റിലൂടെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കാൽമുട്ടിനേറ്റ പരിക്കിൽനിന്ന് മുക്തനായ താരം, ആഭ്യന്തര ക്രിക്കറ്റിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ 11 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയിൽ മൂന്നു മത്സരങ്ങളിൽനിന്ന് അഞ്ചു വിക്കറ്റും നേടിയിരുന്നു. ഷമി ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ ക്രിക്കറ്റ് പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും കളിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ നെറ്റ്സിൽ ബൗളിങ് പരിശീലനം നടത്തുന്ന വിഡിയോ താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞദിവസം ഒരു ദേശീയ പത്രത്തിനു നൽകിയ അഭിമുഖത്തിലും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന ശുഭാപ്തി വിശ്വാസം താരം പ്രകടിപ്പിച്ചു. ദൈവം കനിഞ്ഞാൽ എല്ലാം സാധ്യമാകുമെന്ന് താരം പറഞ്ഞു. ‘ഒരു കളിക്കാരന് മത്സരങ്ങളാണ് എല്ലാം. അതില്ലെങ്കിൽ ജീവിതം പൂർണമാകില്ല. പന്തെറിയാനാകാതെ പുറത്തിരിക്കുമ്പോൾ ജീവിതം എങ്ങനെ ആഘോഷിക്കാനാകും. ജീവിതം വളരെ കഠിനമായിരിക്കും. അതുമാത്രമാണ് പറയാനുള്ളത്’ -ഷമി വ്യക്തമാക്കി.

രാജ്യത്തിനുവേണ്ടി കളിക്കുന്നത് വലിയ പ്രചോദനമാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനിടെ എല്ലാ ദിവസും ഇന്ത്യൻ ജഴ്സി മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനുവേണ്ടി കളിക്കുമ്പോൾ അറിയാതെ കരിയറിന്‍റെ തുടക്കകാലത്തേക്ക് തിരിച്ചുപോയി. അത് പുതിയൊരു ഊർജവും സന്തോഷവും തന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഏകദിന ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. 24 വിക്കറ്റുകളുമായി ടൂർണമെന്‍റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായിരുന്നു. താരത്തിന്‍റെ മടങ്ങിവരവ് ഇന്ത്യൻ പേസ് ആക്രമണത്തിന് കൂടുതൽ കരുത്തുപകരും.

ഞായറാഴ്ചക്കു മുമ്പായി ടീമിന്‍റെ സാധ്യത പട്ടിക സമർപ്പിക്കാനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് മാത്രമാണ് ഇതുവരെ ടീമിനെ പ്രഖ്യാപ്പിച്ചത്.

Tags:    
News Summary - Mohammed Shami Opens Up About His Possible Return For Champions Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.