തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 239 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ ബൗളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിലാണ്.
മഴയെ തുടർന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനിൽപ്പാണ് മഹാരാഷ്ട്രയുടെ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 59 റൺസാണ് കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശർമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പത്ത് റൺസെടുത്ത രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഒടുവിൽ വിക്കി ഓസ്വാളും പുറത്തായതോടെ 239 റൺസിന് മഹാരാഷ്ട്ര ഇന്നിങ്സിന് അവസാനമായി. 38 റൺസെടുത്ത വിക്കി ഓസ്വാളിനെ എൻ.പി. ബേസിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ മഹാരാഷ്ട്ര ബൗളർമാർ ഞെട്ടിച്ചു. സ്കോർ 23ൽ നിൽക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുർബാനി വിക്കറ്റിന് മുന്നിൽ കുരുക്കി. 21 പന്തുകൾ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തിനെയും (ആറ്) മനോഹരമായ കാച്ചിലൂടെ ഗുർബാനി പുറത്താക്കി. രോഹൻ കുന്നുമ്മലിന്‍റെതായിരുന്നു അടുത്ത ഊഴം. 28 പന്തുകളിൽ നാല് ഫോറടക്കം 27 റൺസെടുത്ത രോഹനെ ജലജ് സക്സേനയും പുറത്താക്കിയതോടെ കേരളം പതറി. പിന്നാലെ മഴയും എത്തിയതോടെ കളി അവസാനിപ്പിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.
കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ ഒന്നാംദിനം കേരളത്തിന്‍റെ ബൗളിങ് നിര അക്ഷരാർഥത്തിൽ മഹാരാഷ്ട്രയെ വരിഞ്ഞുകെട്ടുന്ന കാഴ്ചയാണ് കണ്ടത്. സ്കോർ ബോർഡിൽ ഒരു റൺ ചേർക്കും മുമ്പേ മഹാരാഷ്ട്രയുടെ മൂന്നു വിക്കറ്റുകളാണ് വീണത്. നിധീഷിന്റെ ആദ്യ ഓവറിൽ തന്നെ ഓപണര്‍മാരായ പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവർ സംപൂജ്യരായി മടങ്ങി. മത്സരത്തിലെ നാലാം പന്തിൽ പൃഥ്വി ഷാ എൽ.ബി.ഡബ്ല്യുവിലും കുടുങ്ങി. തൊട്ടടുത്ത പന്തിൽ വീറിനെ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്ത് പുറത്താക്കി. എൻ.പി ബേസിൽ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ അർഷിൻ കുൽക്കർണിയും ഡക്കായി.
ബാറ്റിൽ തട്ടിയുയർന്ന പന്ത് രോഹൻ കുന്നുമ്മൽ അതിമനോഹരമായി കൈയിലൊതുക്കി. ആർഷിൻ മടങ്ങുമ്പോൾ മൂന്ന് വിക്കറ്റിന് പൂജ്യമെന്ന ദയനീയ നിലയിലായിരുന്നു മഹാരാഷ്ട്ര. തന്‍റെ അടുത്ത ഓവറിൽ ക്യാപ്റ്റൻ അങ്കിത് ബാവ്നയെ പുറത്താക്കി ബേസിൽ മഹാരാഷ്ട്രക്ക് വീണ്ടും പ്രഹരമേൽപിച്ചു. ഏഴു പന്തുകൾ നേരിട്ട ബാവ്ന റണ്ണൊന്നുമെടുക്കാതെ മടങ്ങി. തുടർന്നെത്തിയ സൗരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റൺസെന്ന നിലയിൽ വലിയ തകർച്ചയിലായി മഹാരാഷ്ട്ര. അഞ്ചിൽ നാല് ബാറ്റർമാരും പൂജ്യത്തിനാണ് മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഋതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേർന്ന് മഹാരാഷ്ട്രയെ കരകയറ്റി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തത്.
49 റൺസെടുത്ത ജലജ് സക്സേനയെ പുറത്താക്കി നിധീഷ് തന്നെയാണ് ഈ കൂട്ടുകെട്ടിനും പൂട്ടിട്ടത്. നിധീഷിന്‍റെ പന്തിൽ ജലജ് എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങുകയായിരുന്നു. വൈകാതെ സെഞ്ച്വറിയുടെ കൈയെത്തും ദൂരത്ത് ഋതുരാജ് ഗെയ്ക്വാദും മടങ്ങി. 91 റൺസെടുത്ത ഗെയ്ക്വാദിനെ ഏദൻ ആപ്പിൾ ടോമാണ് എൽ.ബി.ഡബ്ല്യൂവിൽ പുറത്താക്കിയത്. 151 പന്തുകളിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്‍റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര.
പത്ത് റൺസോടെ വിക്കി ഓസ്വാളും 11 റൺസോടെ രാമകൃഷ്ണ ഘോഷുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. സൂപ്പർ താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കേരളത്തിനായി കളിക്കുന്നുണ്ട്. രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രക്കു വേണ്ടി പൃഥ്വി ഷായുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.