അഞ്ചിൽ നാലും തോറ്റു; ചാമ്പ്യന്മാരുടെ സ്ഥിതി എന്താകും?

ബംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് വൻ താരനിരയുമായി ലോകകപ്പിനെത്തുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. എന്നാൽ, കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ ടീമിന്റെ വീഴ്ച കണ്ട് അമ്പരക്കുകയാണ് ക്രിക്കറ്റ് ആരാധകർ. അഞ്ചാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് നാലാം തോൽവിയുമായി പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കാണ് വീണിരിക്കുന്നത്. 10 ടീമുകളുള്ള ലോകകപ്പിലാണ് ചാമ്പ്യന്മാർക്ക് ഈ ദുർഗതി. ഇതോടെ സെമി ഫൈനൽ പ്രതീക്ഷയും ഏറ​ക്കുറെ അവസാനിച്ചു. അവശേഷിക്കുന്ന നാലു മത്സരങ്ങളും ജയിച്ചാലും അവർക്ക് സെമിഫൈനലിലെത്താൻ മറ്റു ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ടിവരും. ഇനി നേരിടാനുള്ളത് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരും ആതിഥേയരുമായ ഇന്ത്യ, അഞ്ചുതവണ ചാമ്പ്യന്മാരായ ആസ്ട്രേലിയ, മുൻ ചാമ്പ്യന്മാരായ പാകിസ്താൻ, അട്ടിമറി വീരന്മാരായ നെതർലാൻഡ്സ് എന്നീ ടീമുകളെയാണ്. നിലവിൽ ടീമിന്റെ നെറ്റ് റൺറേറ്റ് -1.634 ആണ്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇറങ്ങിയ ടീമിന്റെ തോൽവി ദയനീയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്ത ഇംഗ്ലണ്ടിനെതിരെ 82 പന്ത് ബാക്കിനിൽക്കെയാണ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലാൻഡ് ജയം നേടിയത്. എന്നാൽ, രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 137 റൺസിന് തോൽപിച്ച് തിരിച്ചുവന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാ​ദേശിന്റെ മറുപടി 227 റൺസിൽ അവസാനിക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്താൻ 69 റൺസിന് നിലവിലെ ചാമ്പ്യന്മാരെ മറിച്ചിട്ടത് ഏവരെയും അമ്പരപ്പിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 284 റൺസടിച്ചപ്പോൾ ഇംഗ്ലീഷുകാരുടെ മറുപടി 215ൽ ഒടുങ്ങി. നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനെ നാണം കെടുത്തിവിട്ടു. ആദ്യം ബാറ്റ് ചെയ്ത് ഏ​ഴുവിക്കറ്റ് നഷ്ടത്തിൽ 399 റൺസ് അടിച്ച ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലീഷുകാർ 22 ഓവറിൽ 170 റൺസെടുക്കുമ്പോഴേക്കും എല്ലാ ബാറ്റർമാരും മടങ്ങിയിരുന്നു. 229 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കൻ ജയം. അഞ്ചാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്നിറങ്ങുമ്പോൾ അവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് പ്രേമികൾ. എന്നാൽ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവർ 33.2 ഓവറിൽ വെറും 156 റൺസിന് പുറത്തായി. ശ്രീലങ്ക രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 25.2 ഓവറിൽ കളി അവസാനിപ്പിച്ചു.

ഞായറാഴ്ച ഇന്ത്യയുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. നവംബർ നാലിന് ആസ്ട്രേലിയയെയും എട്ടിന് നെതർലാൻഡിനെയും നേരിടുന്ന അവർക്ക് നവംബർ 11ന് പാകിസ്താനുമായാണ് അവസാന മത്സരം.

ലോകകപ്പിൽ എല്ലാ ടീമുകളും അഞ്ച് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ എല്ലാറ്റിലും ജയം നേടിയ ഇന്ത്യയാണ് 10 പോയന്റുമായി മുന്നിൽ. നാല് ജയവുമായി എട്ട്​ പോയന്റ് വീതമുള്ള ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മൂന്ന് ജയം നേടിയ ആസ്ട്രേലിയ ആറ് പോയന്റുമായി നാലാമതുണ്ട്. നാല് പോയന്റ് വീതമുള്ള ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകൾ അഞ്ച് മുതൽ ഏഴ് വരെ സ്ഥാനങ്ങളിലാണ്. രണ്ട് പോയന്റ് വീതമാണ് ബംഗ്ലാദേശിനും ഇംഗ്ലണ്ടിനും നെതർലാൻഡ്സിനുമുള്ളത്. എന്നാൽ, റൺറേറ്റിൽ ബംഗ്ലാദേശ് ​ഇംഗ്ലണ്ടിനേക്കാൾ മുന്നിലായതോടെ എട്ടാം സ്ഥാനം പിടിച്ചു. നെതർലാൻഡ്സാണ് അവസാന സ്ഥാനത്ത്. 

Tags:    
News Summary - Lost four out of five; What will happen to the champions?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.