പുണെ: ഒരു നാളും 299 റൺസും മുന്നിലുള്ള കേരളത്തിന് വർഷങ്ങളുടെ ഇടവേള അവസാനിപ്പിച്ച് രഞ്ജി ട്രോഫി സെമി കളിക്കാൻ കരുതിക്കളിക്കണം. മുന്നിൽ റൺമല തീർത്ത് എതിരാളികളെ ബാറ്റിങ്ങിന് വിട്ട ജമ്മു-കശ്മീരിനെതിരെ നാലാം ദിനം കളി നിർത്തുമ്പോൾ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. ഇന്ന് ജയമോ സമനിലയോ പിടിക്കാനായാൽ കേരളത്തിന് അവസാന നാലിൽ ഇടമുറപ്പിക്കാം.
ഉജ്ജ്വല പോരാട്ടം കണ്ട പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒന്നാം ഇന്നിങ്സിൽ ഒരു റൺ ലീഡ് വഴങ്ങിയ ജമ്മു-കശ്മീർ രണ്ടാം ഇന്നിങ്സിൽ ഒമ്പതിന് 399 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ പരസ് ഡോഗ്രയുടെ തകർപ്പൻ സെഞ്ച്വറിയാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിക്കുന്നതിൽ നിർണായകമായത്. നാലാം വിക്കറ്റിൽ കനയ്യ വധാവനൊപ്പം 146 റൺസും അഞ്ചാം വിക്കറ്റിൽ സാഹിൽ ലോത്രക്കൊപ്പം 50 റൺസും കൂട്ടിച്ചേർത്ത പരസ് ഡോഗ്രയുടെ ഉത്തരവാദിത്തത്തോടെയുള്ള ഇന്നിങ്സാണ് കശ്മീരിനെ മികച്ച സ്കോറിലെത്തിച്ചത്. 132 റൺസ് നേടിയ പരസ് ദോഗ്രയെ ആദിത്യ സർവ്വാതെ പുറത്താക്കി. കനയ്യ വധാവൻ 64ഉം സാഹിൽ ലോത്ര 59ഉം റൺസെടുത്തു. 28 റൺസെടുത്ത ലോൺ നാസിർ മുസാഫർ, 27 റൺസുമായി പുറത്താകാതെ നിന്ന യുധ്വീർ സിങ് എന്നിവരും കശ്മീരിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ബേസിൽ എൻ.പിയും ആദിത്യ സർവാതെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന ഓപണിങ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, രോഹനെയും ഷോൺ റോജറെയും അടുത്തടുത്ത ഇടവേളകളിൽ പുറത്താക്കി യുധ്വീർ സിങ് കേരളത്തെ സമ്മർദത്തിലാക്കി. രോഹൻ 36ഉം ഷോൺ റോജർ ആറും റൺസെടുത്തു. തുടർന്നെത്തിയ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടമാകാതെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ അക്ഷയ് ചന്ദ്രൻ 32ഉം സച്ചിൻ ബേബി 19 റൺസും നേടി പുറത്താകാതെ നിൽക്കുകയാണ്. സ്കോർ ജമ്മു-കശ്മീർ 280, 399/9. കേരള 281, 100/2.
അതേസമയം, ഗുജറാത്ത്, മുംബൈ, വിദർഭ ടീമുകൾ ഇതിനകം സെമി ബർത്ത് ഉറപ്പാക്കിയിട്ടുണ്ട്. ഗുജറാത്ത് ഇന്നിങ്സിനും 98 റൺസിനുമാണ് സൗരാഷ്ട്രയെ തോൽപിച്ചത്. തമിഴ്നാടിനെ വിദർ 198 റൺസിന് വീഴ്ത്തിയപ്പോൾ ഹരിയാനക്കെതിരെ 152 റൺസിനായിരുന്നു മുംബൈ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.