ലാഹോർ: പാകിസ്താനിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ പുതിയ റെക്കോഡ് സ്ഥാപിച്ച് ന്യൂസിലൻഡ് വെറ്ററൻ ബാറ്റർ കെയ്ൻ വില്യംസൺ.
ദക്ഷിണാഫ്രിക്കക്കെതിരെ 113 പന്തിൽ 133 റൺസ് നേടിയ താരം ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറി. 159 ഇന്നിങ്സുകളിൽ നിന്ന് ഈ നാഴികകല്ല് പിന്നിട്ട വില്യംസണ് മുന്നിൽ 150 ഇന്നിങ്സുകളിൽ നിന്ന് 7000 റൺസ് തികച്ച ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഹാഷിം അംല മാത്രമാണുള്ളത്.
161 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയാണ് മൂന്നാമത്. സാക്ഷാൽ സചിൻ ടെണ്ടുൽക്കർക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടി വന്നത് 189 ഇന്നിങ്സുകളാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് ആറു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. അപരാജിത സെഞ്ച്വറിയുമായി കെയിൻ വില്യംസൻ (133) മുന്നിൽ നിന്ന് നയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 305 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നു. അഞ്ചര വർഷത്തിന് ശേഷം വില്യംസൺ നേടുന്ന ഏകദിന സെഞ്ച്വറി കൂടിയാണിത്.
നേരത്തെ, ഓപ്പണർ മാത്യു ബ്രീറ്റ്സ്കെയുടെ (150) ഗംഭീര ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.