ജിതേഷ് ശർമ, സഞ്ജുവും ഗംഭീറും

ആദ്യം ഓപണിങിൽ നിന്ന് വെട്ടി, ഇപ്പോൾ ടീമിൽ നിന്നും; ജിതേഷിന്റെ വരവും ഗംഭീറിന്റെ ‘ഓപറേഷൻ സഞ്ജുവും’

പണറുടെ റോളിൽ നിന്ന് വൺഡൗണിലേക്ക്, പിന്നെ മധ്യനിരയിൽ മൂന്നും, നാലും, ആറും നമ്പറിലേക്ക്... ഇപ്പോഴിതാ വിക്കറ്റ് കീപ്പറുടെ കുപ്പായത്തിൽ ഒരു പുതുമുഖക്കാരനെത്തി റൺസ് അടിച്ചു കൂട്ടിയതോടെ, സഞ്ജു സാംസൺ ടീമിനും പുറത്താവുന്നു.

ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ സംഭവ വികാസങ്ങൾ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സീസണിന്റെ സ്ഥാനത്തിനും ഭീഷണിയായി മാറുകയാണോ...​? ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിച്ച മത്സരം അവസാനിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും ആരാധക ഗ്രൂപ്പുകളിലുമെല്ലാം ഇപ്പോൾ വലിയ ചർച്ച അതു തന്നെയാണ്.

പരമ്പരയിലെ ആദ്യരണ്ട് മത്സരങ്ങളിലും ടീമിൽ ഇടം നേടിയ സഞ്ജുവിന് രണ്ടാം ട്വന്റി20യിൽ മികച്ച അവസരം ലഭിച്ചിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ താരം വെറും രണ്ട് റൺസുമായി കൂടാരം കയറി നിരാശപ്പെടുത്തി. എന്നാൽ, മൂന്നാം ഏകദിനത്തിൽ സഞ്ജുവി​ൽ പരീക്ഷണം തുടരാൻ വിസമ്മതിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവും, കോച്ച് ഗൗതം ഗംഭീറും റിസർവ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമക്ക് അവരം നൽകുന്ന കാഴ്ചയായിരുന്നു ഹൊബാർട്ടിലെ ​െപ്ലയിങ് ഇലവൻ പുറത്തുവന്നപ്പോൾ. പത്ത് അന്താരാഷ്ട്ര മത്സരങ്ങളുടെ മാത്രം അനുഭവ സമ്പത്തുള്ള ജിതേഷ് കിട്ടിയ അവസരത്തിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശുകയും ചെയ്തു.


ആസ്ട്രേലിയ ഉയർത്തിയ 186 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെ വിക്കറ്റുകൾ കൊഴിഞ്ഞ് ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ഏഴാമനായാണ് ജിതേഷ് ക്രീസിലെത്തിയത്. 14.2 ഓവറിൽ തിലക് വർമ (29) പുറത്താവുമ്പോൾ ഇന്ത്യ അഞ്ചിന് 145 റൺസ് എന്ന നിലയിൽ. ക്രീസിന്റെ മറുതലക്കൽ, വാഷിങ് ടൺ സുന്ദർ 29 റൺസുമായി ബിഗ് ഹിറ്റുകൾക്ക് സന്നദ്ധനായി നിൽക്കുമ്പോൾ ജിതേഷിന് കളത്തിലേക്ക് വലിയ ചുവടുവെപ്പ്. മത്സര വിജയത്തിന് ശ്രദ്ധേയമായ ഇന്നിങ്സിനെ ടീം ആവശ്യപ്പെടുന്ന ഘട്ടം. വാഷിങ്ടൺ സുന്ദറിന് സ്ട്രൈക്ക് നൽകിയും, ഒപ്പം സ്കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചും താരം അവസരത്തിനൊത്തുയരുന്ന കാഴ്ചയായിരുന്നു ക്രീസിൽ കണ്ടത്. 23 പന്തിൽ നാല് സിക്സും മൂന്ന് ബൗണ്ടറിയുമായി വാഷിങ്ടൺ കളി തുടങ്ങി. നേരിട്ട ആദ്യ പന്തിൽ തന്നെ സേവ്യർ ബാർട്ലെറ്റിന് ബൗണ്ടറി പായിച്ച് ​കോൺഫിഡൻസുറപ്പിച്ചു. അടുത്ത ഓവറിൽ എല്ലിസിനെതിരെയും ബൗണ്ടറി. പിന്നാലെ വാഷിങ്ടൺ സുന്ദർ സിക്സറുമായി ടീമിനെ വിജയത്തിലേക്ക് കൂടുതൽ വേഗത്തിൽ അടുപ്പിച്ചപ്പോൾ, സിംഗ്ളും ഡബ്ളുമായി ജിതേഷ് സ്ട്രൈക്ക് നൽകി. ഒടുവിൽ വിജയ റൺ കുറിച്ച് കളം വിടുമ്പോൾ ബംഗളൂരു റോയൽസ് താരം ടീമിലെ സാന്നിധ്യം കൂടി ഉറപ്പിക്കുകയായി.

ടോപ് ഓർഡറിൽ മിന്നിത്തിളങ്ങുന്ന സഞ്ജുവിനെ, മധ്യനിരയിലേക്കും പിൻനിരയിലേക്കും മാറിമാറി പരീക്ഷിക്കുന്നതിനിടെ സമ്മർദ നിമിഷങ്ങളിൽ വീഴുന്നിടത്താണ് ജിതേഷിന്റെ മാസ്റ്റർ ക്ലാസ്. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ബംഗളൂരുവിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച താരം, വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഇടം ഉറപ്പിക്കാൻ പാടുപെടുന്നതിനിടെയാണ് കിട്ടിയ അവസരം ഗോൾഡൻ ചാൻസാക്കി മാറ്റി വിജയം കാണുന്നത്. അടുത്ത രണ്ട് കളിയിലും ജിതേഷ് തന്നെ കളിക്കുകയും, ഫോമിലേക്കുയരുകയും ചെയ്താൽ മലയാളി താരം സഞ്ജുവിന്റെ ദേശീയ ടീം കസേരക്കാവും ഏറ്റവും ഭീഷണിയായി മാറുന്നത്.

ഡെത്ത് ഓവറുകളിൽ വ്യത്യസ്ത ഷോട്ടുകൾ കളിക്കാനുള്ള മിടുക്കും താരം ഹൊബാർട്ടിലെ ഓസീസ് പിച്ചിൽ കാഴ്ചവെച്ചതും ശ്രദ്ധേയമാണ്.

ഗില്ലിനു വേണ്ടി ബലിയാടാകുന്ന സഞ്ജു

കളിയും ഫോമും മാത്രമല്ല, ടീം ഇന്ത്യയുടെ തെരഞ്ഞെടുപ്പിൽ പ്രധാനമെന്ന് പണ്ടുകാലം മുതലേ കേട്ടുതുടങ്ങിയതാണ്. വിവിധ ലോബികൾ ഭരിച്ചിരുന്നു ടീം തെരഞ്ഞെടുപ്പിനിടെ, അവസരം നഷ്ടമായ പ്രതിഭകൾ ഏറെയാണുതാനും. ഈ പട്ടികയിലെ അവസാന ഇരയായി സഞ്ജു സാംസണിന്റെ പേര് ചേർക്കുന്നവരും ചുരുക്കമല്ല.

ഓപണിങ്ങിൽ മനോഹരമായി ബാറ്റു ചെയ്തുകൊണ്ടിരിക്കെ ശുഭ്മാൻ ഗില്ലിന് അവസരം നൽകാനായി താഴോട്ടിറക്കിയായിരുന്നു സഞ്ജുവിനെ ആദ്യം ചവിട്ടയത്. ഏകദിന ക്യാപ്റ്റനായ ഗില്ലിനെ, ട്വന്റി20യിലും തിരുകികയറ്റാനുള്ള ബി.സി.സി.ഐയുടെ പെടാപാടിൽ മിന്നും ഫോമിൽ ബാറ്റുവീശിയ സഞ്ജുവും ബലിയാടായി. ഏഷ്യാകപ്പിൽ ഇന്ത്യ യു.എ.ഇയിലേക്ക് പറക്കാനൊരുങ്ങുമ്പോഴാണ് സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനിൽ ഇളക്കം തട്ടിതുടങ്ങുന്നത്. ഗിൽ ടീമിൽ ഇടം നേടിയതോടെ, അഭിഷേക് ശർമക്കൊപ്പം ഓപണറുടെ റോളിൽ താരത്തെ തിരുകികയറ്റി സഞ്ജുവിനെ താഴെയിറക്കി. ഈ ഇറക്കം, ടീമിലെ ബാറ്റിങ് പൊസിഷനിൽ നിന്നുള്ള സഞ്ജുവിന്റെ താളംതെറ്റലിന്റെ തുക്കമാവുകയായിരുന്നു.

സഞ്ജുമാത്രമല്ല, ശേഷിച്ച താരങ്ങൾക്കും ബാറ്റിങ് ഓർഡർ നഷ്ടമായി തുടങ്ങി. സഞ്ജു മൂന്നാമനാവുമ്പോൾ, സൂര്യകുമാർ യാദവ് നാലിലേക്കും, തിലക് വർമ അഞ്ചിലേക്കും ഇറങ്ങി.

ഗിൽ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയതിനുശേഷം സഞ്ജു അഞ്ച് മത്സരങ്ങളിലായി അഞ്ചും മൂന്നും സ്ഥാനങ്ങളിലാണ് ബാറ്റ് വീശിയത്. ഒരിക്കൽ അക്സർ പട്ടേലിനും പിന്നിലായും ബാറ്റിങ്ങിന് നിയോഗിച്ചും അപമാനിച്ചു.

ഓപണിങ് റോളിൽ മികച്ച ട്രാക് റെക്കോഡുള്ള താരത്തെയാണ് സെലക്ടർമാരും കോച്ചും ചവിട്ടികൂട്ടി ഒതുക്കുന്നത്. ഓപണിങ്ങിലും മിഡിൽ ഓർഡറിലും സഞ്ജു നടത്തിയ പ്രകടനം തന്നെ താരത്തിന്റെ മികവിനെ അടയാളപ്പെടുത്താൻ ശേഷിയുള്ളതാണ്. 17 മത്സരങ്ങളിൽ ഓപണറായിറങ്ങിയപ്പോൾ 178.8 സ്ട്രൈക്കിൽ മൂന്ന് സെഞ്ച്വറികളോടെ 522 റൺസ്. മധ്യനിരയിൽ 26 മത്സരങ്ങളിൽ നിന്നായി 111 ആണ് സ്ട്രൈക് റേറ്റ്. രണ്ട് അർധസെഞ്ച്വറിയുമായി 483 റൺസ്.

അതേസമയം, സഞ്ജുവിന് പകരം ഓപണിങ് സ്​പോട്ട് പിടിച്ചെടുത്ത ശുഭ്മാൻ ഗില്ലിന്റെ അവസാന അഞ്ചു കളിയിലെ സ്കോർ ഇങ്ങനെ (4, 12, 37*, 5,15 റൺസുകൾ). 

ഏഷ്യാകപ്പും പിന്നലെ, ആസ്ട്രേലിയക്കെതിരായ പരമ്പരയിലും ഗില്ലിനെ സംരക്ഷിച്ച്, സഞ്ജുവിൽ പരീക്ഷണം തുടരുമ്പോൾ വാളെടുത്ത് ആരാധകരും രംഗത്തിറങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗിൽ തുടർച്ചയായി പരാജയപ്പെടുകയും, സഞ്ജു മധ്യനിരയിൽ പാളുകയും ചെയ്തതോടെ കോച്ച് ഗംഭീറിനെതിരായി ആ​ക്രമണങ്ങൾ. സഞ്ജുവിന്റെ കരിയർ ഗംഭീർ നശിപ്പിക്കുകയാണെന്നത് മുതൽ ഹാപ്പി റിട്ടയർമെന്റ് വരെ നേർന്ന് ആരാധകർ തങ്ങളുടെ വിമർശനവുമായി രംഗത്തെത്തി. 

Tags:    
News Summary - Jithesh replaces Sanju in Team India’s playing XI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.