പാടത്തും പറമ്പിലും ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കായൊരു സന്തോഷവാർത്ത. നിങ്ങൾക്കായി നടക്കുന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 15 വരെയാണ് രജിസ്‌ട്രേഷൻ. വളർന്നു വരുന്ന താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് ഐ. എസ്.പി.എൽ. ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി രജിസ്‌ട്രേഷൻ പൂർത്തീകരിക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് നിലവിൽ രജിസ്‌ട്രേഷൻ. ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖയോ, ക്രിക്കറ്റ് ബോർഡ് സെർട്ടിഫിക്കറ്റോ, പാസ്സ്പോർട്ടോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ രണ്ടാമത്തെ സീസൺ ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ താനെ, ഡാടോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്. അമിതാഭ് ബച്ചൻ മുതൽ സൂര്യ ശിവകുമാർ വരെ നീളുന്ന താരങ്ങളാണ് ടീമുടമകൾ.
എന്താണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ?
രാജ്യത്തിലെ ടെന്നീസ് ക്രിക്കറ്റ് നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയും ഭാവി താരങ്ങളെ കണ്ടെത്തി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനും വേണ്ടി 2024 ൽ ആരംഭിച്ചതാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് (ഐ.എസ്.പി.എൽ). ബി.സി.സി.ഐ മുൻ ട്രഷറർ ആശിഷ് ഷെലാർ, അമോൽ കാലെ എന്നിവർക്കൊപ്പം ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ഡുൽക്കറുമാണ് ടൂർണമെന്റിന്റെ കോർ കമ്മിറ്റി അംഗങ്ങൾ. 2024 മാർച്ചിലാണ് ആദ്യ സീസൺ നടന്നത്. ടി 10 മാതൃകയിൽ നടക്കുന്ന ലീഗിൽ ആറ് ടീമുകളാണുള്ളത്.
ടീമുകളും ഉടമകളും
മാജി മുംബൈ– അമിതാഭ് ബച്ചൻ
ബെംഗളൂരു സ്ട്രൈക്കേഴ്സ്– ഹൃതിക് റോഷൻ
ടൈഗേഴ്സ് ഓഫ് കൊൽക്കത്ത– കരീന കപൂർ, സെയ്ഫ് അലി ഖാൻ
ചെന്നൈ സിങ്കംസ്– സൂര്യ
ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദ്– രാം ചരൺ
ശ്രീനഗർ കെ വീർ– അക്ഷയ് കുമാർ
നിയമങ്ങൾ:
- പവർപ്ലേ: ഓരോ ഇന്നിങ്സിലെയും ആദ്യത്തെ 2 ഓവറിൽ പവർപ്ലേ ഉണ്ട്. അതുകൂടാതെ ബാക്കി 8 ഓവറിൽ ഒരു ഓവർ ബാറ്റിങ് ടീമിന് ബാറ്റിങ് പവർപ്ലേ ആയി ഉപയോഗിക്കാം. ആദ്യ രണ്ട് ഓവറിലെ നിർബന്ധിത പവർപ്ലേ സമയത്ത് 30 വാരം സർക്കിളിന് പുറത്ത് രണ്ട് ഫീൽഡേഴ്‌സ് മാത്രമേ നിൽക്കാവു. എന്നാൽ രണ്ടാം പവർപ്ലേ സമയത്ത് മൂന്ന് ഫീൽഡേഴ്സിനെ സർക്കിളിന് പുറത്ത് നിർത്താവുന്നതാണ്.
- ടിപ്പ് ടോപ് ടോസ്: നാണയം കൊണ്ട് ടോസ് എടുക്കുന്നതിന് പകരം രണ്ട് ടീമിലെയും ക്യാപ്റ്റന്മാർ പരസ്പരം നേർ രേഖയിൽ നടക്കുകയും ഒരുമിച്ചെത്തുമ്പോൾ ആരുടെ കാല്പാതമാണ് മറ്റേയാളുടെ മുകളിലേക്ക് വരുന്നത് എന്നുനോക്കിയാണ് ടോസ് തീരുമാനിക്കുന്നത്.
- 9 സ്ട്രീറ്റ് റൺസ്: പന്ത് മൈതാനത്തിന് പുറത്തേക്ക് തട്ടി കാണികളുടെ ഇടയിൽ പതിച്ചാൽ ആറ് റൺസിന് പകരം ഒമ്പത് റൺസ് ലഭിക്കും.
- 50-50 ഓവർ: ബൗളിങ് ടീമിന്റെ ക്യാപ്റ്റൻ തന്റെ പ്ലെയിംഗ് ഇലവനിൽ നിന്ന് കുറഞ്ഞത് അഞ്ച് ബൗളർമാരെ തിരഞ്ഞെടുക്കണം, അവരിൽ ഒരാളെ ബാറ്റിങ് ടീമിന് വെല്ലുവിളിച്ച് ഒരു '50-50 ഓവർ' എറിയാൻ കഴിയും. 50-50 ഓവറിൽ, ബാറ്റിങ് ടീം അടുത്ത ഓവറിൽ അവർ നേടുമെന്ന് വിശ്വസിക്കുന്ന ഏറ്റവും കുറഞ്ഞ റൺസ് പ്രസ്താവിക്കുന്നു; തിരഞ്ഞെടുക്കുന്ന എണ്ണം കുറഞ്ഞത് 16 ആയിരിക്കണം. ബാറ്റിംഗ് ടീം ഈ ഏറ്റവും കുറഞ്ഞ റൺസ് വിജയകരമായി നേടിയാൽ, 50-50 ഓവറിൽ അവർ നേടിയ റൺസിന്റെ 150% അവരുടെ അവസാന മത്സര സ്കോറിലേക്ക് ചേർക്കും. (ഉദാഹരണത്തിന്, ഓവറിൽ 18 റൺസ് നേടിയതിന്റെ ഫലമായി ബാറ്റിങ് ടീമിന്റെ അവസാന സ്കോറിലേക്ക് ആകെ 27 റൺസ് ചേർക്കപ്പെടും.) എന്നിരുന്നാലും, ബാറ്റിങ് ടീം പരാജയപ്പെട്ടാൽ, 50-50 ഓവറിൽ നേടിയ റൺസിന്റെ 50% മാത്രമേ അവരുടെ അവസാന മത്സര സ്കോറിലേക്ക് ചേർക്കൂ.
- ടേപ്പ്-ബോൾ ഓവർ: മത്സരത്തിന്റെ ഭൂരിഭാഗവും ടെന്നീസ് ബോൾ ഉപയോഗിച്ചാണ് കളിക്കുന്നതെങ്കിലും, ഓരോ ഇന്നിംഗ്സിലും രണ്ട് ഓവറുകൾ ഒരു ടേപ്പ് ബോൾ ഉപയോഗിച്ചാണ് എറിയേണ്ടത്.
- പകരക്കാർ: ഒരു മത്സരത്തിനിടെ ഓരോ ടീമിനും രണ്ട് പകരക്കാരെ തിരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.