ചരിത്രത്തിന്റെ തനിയാവർത്തനമോ? 1992ലെ ലോകകപ്പുമായി പാകിസ്താന്റെ പ്രകടനത്തിൽ അതിശയിപ്പിക്കുന്ന സാമ്യതകൾ!

1992ൽ ഇമ്രാൻ ഖാന്റെ നായകത്വത്തിലിറങ്ങിയ സംഘമാണ് പാകിസ്താന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ചത്. അന്ന് ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ 87000ത്തിലധികം കാണികളെ സാക്ഷി നിർത്തി ഇംഗ്ലണ്ടിനെ 22 റൺസിന് തോൽപിച്ചാണ് അവർ ലോകകപ്പുമായി നാട്ടിലേക്ക് മടങ്ങിയത്. 1992ലെ ഏകദിന ലോകകപ്പിലെ പാകിസ്താന്റെ പ്രകടനത്തിന് 2022ലെ ട്വന്റി 20 ലോകകപ്പിലെ അവരുടെ പ്രകടനവുമായുള്ള അതിശയിപ്പിക്കുന്ന സാമ്യത അവിശ്വസനീയമായി തോന്നാം.

രണ്ടിലും മെൽബൺ സ്റ്റേഡിയമാണ് അവരുടെ ആദ്യ മത്സരത്തിന് വേദിയായത്. ഇന്ത്യയുമായി ഏറ്റുമുട്ടിയ ഗ്രൂപ്പ് ഘട്ടത്തിൽ അന്നും തോൽവിയറിഞ്ഞു. പിന്നീടുള്ള മൂന്ന് കളികളിലും വിജയം നേടിയ പാകിസ്താൻ രണ്ടിലും ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് സെമിഫൈനലിന് യോഗ്യത നേടിയത്, അതും ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്ന ദിവസം. അന്നും ഇന്നും സെമിഫൈനലിൽ തോൽപിച്ചത് ന്യൂസിലാൻഡിനെ. അന്ന് ഇംഗ്ലണ്ടിനെ തോൽപിച്ചാണ് കപ്പുമായി നാട്ടിലേക്ക് തിരിച്ചതെങ്കിൽ അതേ മെൽബൺ ഗ്രൗണ്ടിലാണ് കലാശപ്പോര് അരങ്ങേറുന്നത്. സെമിഫൈനലിൽ ഇന്ത്യക്ക് എതിരാളികളായെത്തുന്നത് ഇംഗ്ലണ്ട് തന്നെ.

ഇന്ത്യയെ തോൽപിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തുകയും പാകിസ്താൻ ചാമ്പ്യന്മാരാകുകയും ചെയ്താൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ചരിത്രത്തിന്റെ തനിയാവർത്തനമാകുമത്. എന്നാൽ, സെമിയിൽ ഇംഗ്ലണ്ടിനെയും സ്വപ്നഫൈനലിൽ പാകിസ്താനെയും കീഴടക്കി ചരിത്രം തിരുത്തിക്കുറിക്കാനുള്ള ആവേശത്തിലാണ് ഇന്ത്യൻ കളിക്കാരും ആരാധകരും.

Tags:    
News Summary - Is history repeating? Amazing similarities in Pakistan's performance with 1992 World Cup!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.