'എന്റെ മതത്തെയോ മറ്റ് മതങ്ങളെപറ്റിയോ മോശമായി സംസാരിച്ചിട്ടില്ല'; തന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇർഫാൻ പത്താൻ
ദുബൈ: തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. താൻ ഒരു മതത്തെക്കുറിച്ചും ഒരിക്കലും മോശമായി സംസാരിച്ചിട്ടില്ലെന്നും, വെറുതെ വ്യൂസ് ലഭിക്കാൻ വേണ്ടി മാത്രമാണ് ചിലർ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പേരിൽ വരുന്ന പ്രസ്താവനകളുടെ വസ്തുത പരിശോധിക്കാതെ അവ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചു. "യാതൊരു തെളിവുമില്ലാതെയാണ് എന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നിൽനിന്ന് നേരിട്ട് വരുന്നതല്ലാത്ത ഒരു വാർത്തയും ദയവായി വിശ്വസിക്കരുത്. എന്റെ സ്വന്തം മതത്തെക്കുറിച്ചെന്നല്ല, മറ്റൊരു മതത്തെക്കുറിച്ചും ഞാൻ ഇതുവരെ മോശമായി സംസാരിച്ചിട്ടില്ല. ഇത്തരം വ്യാജ അവകാശവാദങ്ങൾ വിശ്വസിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുൻപായി വസ്തുതകൾ പരിശോധിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു," പത്താൻ പറഞ്ഞു.
ഇന്ത്യക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള 41-കാരനായ ഇർഫാൻ പഠാൻ, നിലവിൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ ഇന്ത്യ ചാമ്പ്യൻസിനായി കളിക്കുന്നതിനായി യു.എ.ഇയിലാണുള്ളത്.
അതേസമയം, കഴിഞ്ഞ സീസണിലെ ഇന്ത്യൻ ടീമിന്റെ ചില നടപടികളിൽ രേഖാമൂലം മാപ്പ് പറയണമെന്ന പാകിസ്താന്റെ ആവശ്യം സംഘാടകർ തള്ളിയതിനെ തുടർന്ന് പാക് ടീം ഇത്തവണത്തെ ലെജൻഡ്‌സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇർഫാൻ പത്താന്റെ പേരിലും വ്യാജവാർത്തകൾ വ്യാപകമായി പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.