ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ച്വറി; വിൻഡീസിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം
ലഖ്നൗ: നായകന്റെ തകർപ്പൻ സെഞ്ച്വറിയുമായി ശ്രേയസ്സ് അയ്യർ മുന്നിൽ നിന്ന് നയിച്ചപ്പോൾ വെസ്റ്റെൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ മിന്നുന്ന വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 19.1 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, അയ്യരുടെ സെഞ്ച്വറി കരുത്തിൽ 14.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം എളുപ്പത്തിൽ മറികടന്നു.
വെറും 43 പന്തിൽ നിന്ന് 6 സിക്സുകളും 10 ഫോറുമടക്കം 102 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഒപ്പം പൊരുതിയ ഇഷാൻ കിഷൻ 27 പന്തിൽ 5 ഫോറുകൾ സഹിതം 37 റൺസെടുത്ത് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് വെറും 67 പന്തുകളിൽ നിന്ന് 137 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മത്സരത്തിൽ അഭിഷേക് ശർമ (10 പന്തിൽ 21), സഞ്ജു സാംസൺ (9 പന്തിൽ 11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ, നായകൻ ഷായ് ഹോപ്പ്, ഷെർഫെയ്ൻ റുഥർഫോർഡ് എന്നിവരുടെ ബാറ്റിങ്ങാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 34 പന്തിൽ 3 സിക്സും 6 ഫോറുമടക്കം 56 റൺസ് എടുത്ത റുഥർഫോർഡാണ് സന്ദർശകരുടെ ടോപ് സ്കോറർ. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നമൻ ധിർ ഇന്ത്യക്കായി പന്തുകൊണ്ട് തിളങ്ങി.
ഏകദിന പരമ്പരയിലെ മികച്ച ഫോം ആവർത്തിച്ച ഷായ് ഹോപ്പ് വിൻഡീസിന് നല്ല തുടക്കം നൽകിയെങ്കിലും, മറുവശത്ത് ഇന്ത്യ നിരന്തരം വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. 12 റൺസെടുത്ത കാമിൽ പുരൻ, ഷിംറോൺ ഹെറ്റ്മയർ (5), റോവ്മാൻ പവൽ (0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഷായ് ഹോപ്പ് - റുഥർഫോർഡ് സഖ്യം 35 പന്തിൽ 63 റൺസ് കൂട്ടിചേർത്ത് സ്കോർ 100 കടത്തി. 37 പന്തിൽ 52 റൺസെടുത്ത ഹോപ്പിനെ പുറത്താക്കി അരങ്ങേറ്റക്കാരനായ നമൻ ധിറാണ് ഈ കൂട്ടുകെട്ട് തകർത്തത്.
തുടർന്നെത്തിയ റോസ്റ്റൺ ചേസ് (5), റൊമാരിയോ ഷെപ്പേർഡ് (7), മാത്യു ഫോർഡ് (2), ഷമാർ സ്പ്രിംഗർ (9) എന്നിവർക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല. എങ്കിലും ഒമ്പതാം വിക്കറ്റിൽ അകീൽ ഹൊസെയ്നുമായി ചേർന്ന് റുഥർഫോർഡ് 18 പന്തിൽ 36 റൺസ് കൂട്ടിച്ചേർത്തു. ഹൊസെയ്ൻ 9 പന്തിൽ 15 റൺസ് നേടി. ഇന്ത്യക്കായി അക്ഷർ പട്ടേലും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.