'ആരാണ് അടുത്ത ഹീറോ'; വിരാട് കോഹ്‌ലിയുടെ പിൻഗാമിയെ കാത്തിരിക്കുന്നുവെന്ന് കപിൽ ദേവ്
ഗ്രേറ്റർ നോയിഡ: സച്ചിൻ ടെണ്ടുൽക്കർക്കും രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ അടുത്ത 15 വർഷത്തോളം മുന്നോട്ട് നയിക്കാൻ ശേഷിയുള്ള പുതിയ താരോദയത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്ന് ഇതിഹാസ താരം കപിൽ ദേവ്. പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ഗ്രേറ്റർ നോയിഡയിൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിരാട് കൊഹ്‌ലിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള യുവതാരങ്ങളെയാണ് താൻ എപ്പോഴും ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ക്രിക്കറ്റിൽ താരങ്ങൾക്ക് നിരന്തരം പരിക്കേൽക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കപിൽ ദേവ് വ്യക്തമായ മറുപടി നൽകി. "കൂടുതൽ ക്രിക്കറ്റ് കളിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കുറച്ചുമാത്രം കളിക്കുകയും പെട്ടെന്ന് കൂടുതൽ മത്സരങ്ങൾ കളിക്കാൻ ഇറങ്ങുകയും ചെയ്യുമ്പോഴാണ് പരിക്കേൽക്കാൻ സാധ്യത കൂടുതലുള്ളത്. നിരന്തരം കളിക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടും," അദ്ദേഹം വ്യക്തമാക്കി.
ജസ്പ്രീത് ബുംറയുടെ ബോളിംഗ് ആക്ഷനെ കപിൽ ദേവ് വാനോളം പ്രശംസിച്ചു. അത്തരമൊരു ബോളിംഗ് ആക്ഷനിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ബോളറാകാൻ കഴിയില്ലെന്ന തങ്ങളെപ്പോലുള്ളവരുടെ മുൻവിധികൾ ബുംറ തിരുത്തിയെഴുതിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന മുൻ താരം വിനോദ് കാംബ്ലിക്ക് പണം നൽകാൻ താൻ തയ്യാറല്ലെന്നും കപിൽ വ്യക്തമാക്കി. "അവനെ സഹായിക്കാൻ എല്ലാവർക്കും കഴിയും, എന്നാൽ അവൻ സ്വയം അതിന് തയ്യാറാകണം. കാംബ്ലിക്ക് പണം നൽകാൻ ഞാൻ വിശ്വസിക്കുന്നില്ല, പകരം അവന്റെ ആശുപത്രി ചെലവുകളോ റീഹാബ് ചെലവുകളോ വഹിക്കാൻ ഞാൻ തയ്യാറാണ്. അവന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവൻ തന്നെയാണ്," കപിൽ കൂട്ടിച്ചേർത്തു.
13-ാം വയസ്സിൽ ഐ.പി.എൽ താരലേലത്തിൽ ഇടംനേടിയ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോൾ പ്രതികരിക്കാൻ സമയമായിട്ടില്ലെന്നായിരുന്നു കപിലിന്റെ മറുപടി. മൂന്ന് വർഷം കൂടി കഴിയട്ടെ, താരത്തിന്റെ ജീവിതശൈലിയിലും ചിന്താഗതിയിലും വരുന്ന മാറ്റങ്ങൾ കൂടി വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ പ്രതികരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ മോചനത്തിനായി മുൻപ് രണ്ട് തവണ കത്ത് നൽകിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. അത് പാകിസ്ഥാൻ സർക്കാരിന്റെ നയമാണെങ്കിലും, തന്നേക്കാൾ സീനിയറായ ആ മികച്ച ക്രിക്കറ്ററോട് മാനുഷിക പരിഗണന കാണിച്ച് മികച്ച രീതിയിൽ പരിഗണിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കപിൽ ദേവ് വ്യക്തമാക്കി.*
ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി പ്രവർത്തിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവർ തന്നെ ക്ഷണിക്കാത്തതിനാലാണ് ഇപ്പോൾ ഗോൾഫിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നതെന്നും അതിൽ താൻ ഏറെ സന്തുഷ്ടനാണെന്നും കപിൽ ദേവ് പറഞ്ഞു. ഗോൾഫ് താരങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.