മെൽബൺ: ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ തോറ്റുപുറത്തായ ഇന്ത്യക്ക് തിരിച്ചടിയായത് നിരവധി കാരണങ്ങൾ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ പോരായ്മകൾ സെമിയിൽ ഇംഗ്ലണ്ട് തുറന്നുകാട്ടിയപ്പോൾ ടീമിന്റെ ബലഹീനതകൾ പൂർണമായി പുറത്തുവന്നു. പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുമ്പോഴും ഐ.സി.സി ടൂർണമെന്റുകളിൽ ഇന്ത്യയുടെ തുടർച്ചയായ മോശം പ്രകടനങ്ങൾ തുടർക്കഥയാവുകയാണ്. ഒമ്പത് വർഷത്തിനിടെ ടൂർണമെന്റുകളിലെ നോക്കൗട്ട് റൗണ്ടിൽ ഇന്ത്യ പുറത്താവുന്നത് ആറാം തവണയാണ്.
1. ബുംറയുടെയും ജദേജയുടെയും അഭാവം: എതു ഫോർമാറ്റിലും ടീമിന്റെ പ്രധാന ബൗളറായ ജസ്പ്രീത് ബുംറയുടെയും മുഖ്യ ഓൾറൗണ്ടർ രവീന്ദ്ര ജദേജയുടെയും അഭാവം ടീമിന് വൻ തിരിച്ചടിയായി. ബുംറയില്ലാതായതോടെ ടീമിന്റെ ബൗളിങ് ആക്രമണത്തിന് നാഥനില്ലാത്ത അവസ്ഥയായി. പകരമെത്തിയ മുഹമ്മദ് ഷമിക്കും ഭുവനേശ്വർ കുമാറിനും തങ്ങളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനായതുമില്ല. ഏതു ഘട്ടത്തിലും ബൗൾ ചെയ്യാനും ഏതു പൊസിഷനിലും ബാറ്റു ചെയ്യാനും കഴിവുള്ള ജദേജയുടെ അഭാവവും ടീമിനെ വലച്ചു. പകരം കളിച്ച അക്സർ പട്ടേലിന് കാര്യമായൊന്നും ചെയ്യാനായില്ല.
2. പവറില്ലാത്ത പവർപ്ലേ: വിരാട് കോഹ്‍ലി തിളങ്ങിയെങ്കിലും ഓപണർമാരായ രോഹിത് ശർമയും കെ.എൽ. രാഹുലും മെല്ലെപ്പോക്ക് നയം തുടർന്നതോടെ ഇന്ത്യയുടെ ടോപ് ഓർഡർ സ്ലോ ഓർഡറായി. കുറച്ചുകാലമായി ടോപ് ത്രീ തുടരുന്ന സേഫ്റ്റി ഫസ്റ്റ് സമീപനം ടീമിന് കനത്ത തിരിച്ചടിയായി. മറ്റു ടീമുകൾ ആഞ്ഞടിക്കുന്ന പവർപ്ലേയിൽ ഇന്ത്യ എല്ലാ കളികളിലും ഇഴയുകയായിരുന്നു. രോഹിതിന്റെ സ്ട്രൈക് റേറ്റ് 106.42ഉം രാഹുലിന്റേത് 120.75ഉമാണ്. കോഹ്‍ലിയുടേത് 136.40 എന്ന ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റാണെങ്കിലും പവർപ്ലേയിൽ അതിലും കുറവായിരുന്നു. പവർപ്ലേയിൽ 6.02 ആണ് ടൂർണമെന്റിൽ ഇന്ത്യയുടെ റൺ ശരാശരി. 16 ടീമുകളിൽ 15ാം സ്ഥാനം. യു.എ.ഇ (4.71) മാത്രമാണ് ഇന്ത്യക്ക് പിറകിൽ.
3. പന്ത് Vs കാർത്തിക്: ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ എന്നതിലെ കൺഫ്യൂഷൻ ടീമിന് തിരിച്ചടിയായി. ഐ.പി.എല്ലിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കളികളിലെയും മികവിൽ ഫിനിഷിങ് റോളിലേക്ക് നിശ്ചയിക്കപ്പെട്ട ദിനേഷ് കാർത്തിക് തുടർച്ചയായി പരാജയപ്പെട്ടു. പകരമെത്തിയ ഋഷഭ് പന്തിനും തിളങ്ങാനായില്ല.
4. ചഹലിനെ തഴഞ്ഞത്: സമീപകാലം വരെ ട്വന്റി20യിൽ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു യുസ്വേന്ദ്ര ചഹൽ. കുട്ടിക്രിക്കറ്റിൽ മികച്ച വിക്കറ്റ് വേട്ടക്കാരൻ. മിക്ക ടീമുകളിലും ലെഗ് സ്പിന്നർമാർ അരങ്ങുതകർക്കുമ്പോൾ ട്വന്റി20യിൽ ഇന്ത്യയുടെ വിശ്വസ്തനായ ലെഗ്ഗിക്ക് പുറത്തിരിക്കാനായിരുന്നു വിധി. പകരം കളിച്ച ആർ. അശ്വിനും അക്സർ പട്ടേലും കാര്യമായി തിളങ്ങിയതുമില്ല. അക്സർ മിക്ക മത്സരങ്ങളിലും ക്വാട്ട പോലും പൂർത്തിയാക്കിയില്ല.
5. ദ്രാവിഡിന്റെ യാഥാസ്ഥിതിക രീതി: റിസ്കെടുക്കാൻ തയാറാവാത്ത കോച്ച് രാഹുൽ ദ്രാവിഡിന്റെ സമീപനവും ടീമിനെ വലച്ചു. ട്വന്റി20ക്കാവശ്യമായ വിസ്ഫോടന ബാറ്റിങ്ങിനുടമകളായ യുവതാരങ്ങളെയൊന്നും ടീമിലേക്ക് പരിഗണിച്ചില്ല. ബൗളിങ്ങിലും കാര്യമായ പരീക്ഷണങ്ങൾക്കൊന്നും കോച്ച് മുതിർന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.