മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ, എന്തെല്ലാം മാറ്റങ്ങളാണ് സെലക്ഷൻ കമ്മിറ്റി വരുത്തുകയെന്ന കാത്തിരിപ്പിലാണ് ആരാധകർ. അന്തിമ ലിസ്റ്റ് തയാറാക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഐ.സി.സിയോട് സമയം ദീർഘിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റിരിക്കുന്ന ബുംറ ഉൾപ്പെടെ ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ ഇന്ത്യൻ സംഘത്തിലേക്ക് മലയാളി താരം സഞ്ജു സാംസണേയും പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ താരങ്ങളായ സുനിൽ ഗവാസ്കറും ഇർഫാൻ പഠാനും.
സമീപകാലത്ത് സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും രാജ്യത്തിനായി സെഞ്ച്വറി നേടുന്ന ഒരു താരത്തെ പരിമിത ഓവർ ക്രിക്കറ്റിൽ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും ഗവാസ്കർ പറയുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയ പ്രകടനമുൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഗവാസ്കർ ഇക്കാര്യം പറയുന്നത്. സഞ്ജുവിനെ ഏകദിന ടീമിൽ ഋഷഭ് പന്തിനു പുറമെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഇരുവരും ചേർന്ന് പ്രവചിച്ച സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയത്.
സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, രവിന്ദ്ര ജദേജ എന്നിവരെ ഒഴിവാക്കാനാകില്ലെന്ന് ഗവാസ്കർ പറയുന്നു. യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ഇരുവരും പ്രവചിച്ച ടീമിലുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും പോസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്. കുൽദീപ് യാദവാണ് സ്പെഷലിസ്റ്റ് സ്പിന്നർ. സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹൽ തുടങ്ങിയ താരങ്ങളെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനു പുറമെ, യു.എ.ഇയും വേദിയാകും. ഇന്ത്യയുടെ മത്സരങ്ങളാണ് യു.എ.ഇയിൽ നടക്കുക. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സീനിയർ താരങ്ങൾ നിറംമങ്ങിയതോടെ, ടീമിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.