ദുബൈ: ട്വന്‍റി20 ലോകകപ്പിൽ ബംഗ്ലാദേശിന്‍റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കാനായി ബംഗ്ലാദേശിലേക്ക് പോകാനിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) സംഘത്തിലെ ഇന്ത്യൻ പ്രതിനിധിക്ക് വിസ ലഭിച്ചില്ല. ഐ.സി.സിയുടെ അഴിമതിവിരുദ്ധ, സുരക്ഷ വിഭാഗം മേധാവി ആൻഡ്രൂ എപ്ഗ്രേവിനൊപ്പം ധാക്കയിലേക്ക് പോകാനിരുന്ന ഇന്ത്യക്കാരനായ ഐ.സി.സി എക്സിക്യൂട്ടീവ് അംഗത്തിനാണ് വിസ നിഷേധിച്ചത്.
ഇതോടെ ഐ.സി.സി സംഘത്തിന്‍റെ യാത്രയും പ്രതിസന്ധിയിലായി. സുരക്ഷ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ബംഗ്ലാദേശ് ഇന്ത്യയിൽ ട്വന്‍റി20 ലോകകപ്പ് കളിക്കാനില്ലെന്ന് അറിയിച്ചത്. കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ തങ്ങളുടെ മത്സരങ്ങൾ ദക്ഷിണേന്ത്യൻ പട്ടണങ്ങളിലേക്കോ ശ്രീലങ്കയിലേക്കോ മറ്റോ മാറ്റണമെന്നാണ് ആവശ്യം. ബി.സി.സി.ഐ നിർദേശത്തെ തുടർന്ന് ഐ.പി.എൽ താരം മുസ്തഫിസുർറഹ്മാനുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കരാർ അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഈ ആവശ്യം ഉന്നയിച്ചത്.
ധാക്കയിലെത്തുന്ന ഐ.സി.സി സംഘം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) പ്രതിനിധികളെ നേരിട്ട് കണ്ട് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാനായിരുന്നു നീക്കം. നേരത്തെ, തീരുമാനം പുനപരിശോധിക്കണമെന്ന ഐ.സി.സി ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തള്ളിക്കളഞ്ഞിരുന്നു. അടുത്ത മാസം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. ടൂർണമെന്‍റിന്‍റെ മത്സരക്രമങ്ങൾ നേരത്തെ പ്രഖ്യാപിച്ചതിനാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം പുനപരിശോധിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ഐ.സി.സി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് വിഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിൽ ആവർത്തിക്കുകയാണ് ബംഗ്ലാദേശ് ചെയ്തത്. ഇന്ത്യയിൽ പറയത്തക്ക പ്രശ്നങ്ങളില്ലെന്നും ഈ സാഹചര്യത്തിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നുമാണ് ഐ.സി.സി തീരുമാനം. വിഷയത്തിൽ നേരിട്ട് ചർച്ച നടത്തുന്നതിന്‍റെ ഭാഗമായാണ് ഐ.സി.സി സംഘം ധാക്കയിലേക്ക് പോകാനിരുന്നത്. യാത്ര അനിശ്ചിതത്വത്തിലായതോടെ വിഷയത്തിൽ ഐ.സി.സി എന്ത് തീരുമാനം കൈക്കൊള്ളുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ട്വന്‍റി20 ലോകകപ്പിലേക്ക് ഇനി മൂന്നാഴ്ച മാത്രമാണുള്ളത്. ബംഗ്ലാദേശ് തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കടുത്ത നടപടി ഉൾപ്പെടെ ഐ.സി.സി ആലോചിക്കുന്നുണ്ട്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഗ്രൂപ് ‘സി’യിൽ ഫെബ്രുവരി 17ന് നേപ്പാളിനെതിരെ വാംഖഡെ മൈതാനത്താണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.