മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമായതിനാൽ ഇന്ത്യ ഇംഗ്ലണ്ടിനെ തകർക്കും, കിരീടം നേടും; വൈറലായി ചാനലിലെ ജ്യോതിഷ ചർച്ച

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് സെമി പോരാട്ടത്തിന് മുന്നോടിയായി ദേശീയ മാധ്യമമായ 'എ.ബി.പി ന്യൂസി'ൽ നടന്ന ജ്യോതിഷ ചർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചകളിലൊന്ന്. ഇംഗ്ലണ്ടിനെതിനെതിരെ ഇന്ത്യ പത്ത് വിക്കറ്റിന്റെ ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങൾ ഇത് ഏറ്റെടുത്തത്. ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യതകൾ വിലയിരുത്തിയായിരുന്നു 11 ജ്യോത്സ്യന്മാരെ അണിനിരത്തി ചാനൽ സ്റ്റുഡിയോയിൽ ചര്‍ച്ച നടന്നത്. മത്സരം കടുത്തതാകുമെന്ന നിലപാടിലായിരുന്നു മിക്കവരും. എന്നാല്‍, ഒരു കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തുകയും കിരീടം സ്വന്തമാക്കുകയും ചെയ്യുമെന്നായിരുന്നു എല്ലാവരുടെയും പ്രവചനം.

അഖിലേഷ് ആനന്ദ് ആണ് ഇന്ത്യയുടെ മത്സരത്തലേന്ന് നടന്ന ചർച്ച നയിച്ചത്. സെമി ഫൈനലിൽ എന്ത് സംഭവിക്കും, ഇന്ത്യയുടെ കിരീട സാധ്യതകൾ എങ്ങനെ, പ്രധാന താരങ്ങളുടെ ഗ്രഹനില തുടങ്ങിയവയെല്ലാം വിശദമായി ചർച്ചയിൽ വന്നു. ശംഖുവിളികളോടെയായിരുന്നു പ്രവചനം തുടങ്ങിയത്.

ഇരുടീമുകളിലെയും താരങ്ങളുടെ ഗ്രഹനിലകൾ പരിശോധിച്ച് ഇന്ത്യ ജയിക്കാൻ 60:40 സാധ്യതയുണ്ടെന്നാണ് ഒരാൾ പ്രവചിച്ചപ്പോൾ കടുത്ത മത്സരമായിരിക്കും നടക്കാൻ പോകുന്നതെങ്കിലും അന്തിമജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമായതിനാൽ വിജയം ഇന്ത്യക്ക് അനുകൂലമാകുമെന്നായിരുന്നു മറ്റൊരാളുടെ പ്രവചനം. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറുടെയും ഗ്രഹം ശുക്രനാണെന്നതിനാൽ കാര്യങ്ങൾ കടുത്തതാകുമെന്ന് ഒരാൾ ചൂണ്ടിക്കാട്ടി. രോഹിത് ശർമയുടെ ജന്മദിനമടക്കമുള്ള ഘടകങ്ങൾ നിരത്തി മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് അദ്ദേഹമാകുമെന്ന് പ്രവചിച്ചയാളുമുണ്ട്.

എന്നാൽ, ഏറ്റവും നിരാശാജനകമായ പ്രകടനം കോഹ്‍ലിയുടേതാകുമെന്നായിരുന്നു പലരുടെയും അഭിപ്രായം. സൂര്യകുമാർ യാദവ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും താരത്തിന്റെ ടൂർണമെന്റിലെ ഏറ്റവും മോശം പ്രകടനമായിരിക്കുമെന്നും പറഞ്ഞവരുമുണ്ട്. ഹാർദിക് പാണ്ഡ്യ ആൾറൗണ്ട് പ്രടനത്തിലൂടെ മാൻ ഓഫ് ദ മാച്ചാകുമെന്ന് പ്രവചിച്ചയാൾ ഇന്ത്യയെ വിജയതീരത്തെത്തിക്കുക അദ്ദേഹത്തിന്റെ പ്രകടനമായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെ ഇന്ത്യക്ക് അനുകൂലമായ ഘടകങ്ങൾ ഓരോരുത്തരും എണ്ണിപ്പറഞ്ഞു. അൽപം കഷ്ടപ്പെട്ടാണെങ്കിലും അന്തിമവിജയം രോഹിതിനും സംഘത്തിനുമാകുമെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു.

Tags:    
News Summary - India will crush England, win the title; Astrology discussion in ABP News goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.