സൂപ്പർ ത്രില്ലറിൽ ഇന്ത്യ; 202 റൺസ് പിന്തുടർ​ന്നെത്തിയ ശ്രീലങ്കക്ക് സൂപ്പർ ഓവറിൽ ദയനീയ തോൽവി

ദുബൈ: ഏഷ്യ കപ്പിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടം ഒടുവിൽ ടൈയിൽ അവസാനിച്ചപ്പോൾ, വിധി നിർണയിച്ചത് സൂപ്പർ ഓവർ. ഇന്ത്യ ഉയർത്തിയ 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, ഉജ്വലമായ പോരാട്ടവീര്യത്തോടെ ചേസ് ചെയ്ത് എത്തിയ ശ്രീലങ്കക്ക് പക്ഷേ, സൂപ്പർ ഓവറിന്റെ സമ്മർദത്തെ അതിജീവിക്കാനായില്ല. ക്രിക്കറ്റിന്റെ ടൈബ്രേക്കറിൽ ദയനീയമായി അടിതെറ്റിയ ലങ്കക്കാർ അഞ്ച് പന്തിൽ വെറും രണ്ട് റൺസുമായി കളം വിട്ടപ്പോൾ, അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. അർഷദീപ് എറിഞ്ഞ സൂപ്പർ ഓവറിൽ രണ്ടു റൺസ് എടുക്കുന്നതിനിടെ അനുവദനീയമായ രണ്ടു വിക്കറ്റുകളും ശ്രീലങ്കക്ക് നഷ്ടമായി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ മൂന്ന് റൺസ് ഓടിയെടുത്ത് സൂര്യകുമാർ യാദവും ശുഭ്മാൻ ഗില്ലും കാത്തിരിക്കാ​തെ തന്നെ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ച്, അപരാജിത കുതിപ്പ് തുടർന്ന ഇന്ത്യ കിരീടപ്പോരാട്ടത്തിൽ അയൽക്കാരായ പാകിസ്താനെ നേരിടും. ഞായറാഴ്ചയാണ് മത്സരം. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്.

ആദ്യം ഇന്ത്യൻ വെടിക്കെട്ട്; ശേഷം ലങ്കവക കൊട്ടിക്കലാശം

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർ അഭിഷേക് ശർമ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ ശതകം കണ്ടെത്തുകയും, മധ്യനിരയിൽ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങും, തിലക് വർമയുടെ ഉജ്വല ബാറ്റിങ്ങുമായതോടെ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ ഉപനായകൻ ശുഭ്മൻ ഗില്ലിനെ നഷ്ടമായി. നാല് റൺസ് നേടിയ താരത്തെ റിട്ടേൺ ക്യാച്ചിലൂടെ വാനിന്ദു ഹസരങ്ക മടക്കുകയായിരുന്നു. പിന്നാലെയിറങ്ങിയ നായകൻ സൂര്യകുമാർ യാദവിനൊപ്പം അഭിഷേക് സ്കോർ ബോർഡ് ചലിപ്പിച്ചു. താരം കത്തിക്കയറിയതോടെ 4.3 ഓവറിൽ ഇന്നിങ്സ് സ്കോർ 50 കടന്നു. 22 പന്തിൽ അഭിഷേക് അർധ ശതകം പിന്നിട്ടു. പിന്നാലെ 12 റൺസുമായി സൂര്യ പുറത്ത്. ഇന്ത്യ 6.5 ഓവറിൽ രണ്ടിന് 74.

നാലാമനായി ക്രീസിലെത്തിയ തിലക് വർമ നിലയുറപ്പിച്ചു കളിച്ചു. ഒരറ്റത്ത് വമ്പൻ ഷോട്ടുകളുതിർത്ത അഭിഷേക് ഒമ്പതാം ഓവറിൽ പുറത്തായി. ചരിത് അസലങ്കയെ ഉയർത്തിയടിച്ച അഭിഷേകിനെ ബൗണ്ടറി ലൈനിൽ കമിന്ദു മെൻഡിസ് പിടികൂടി പുറത്താക്കുകയായിരുന്നു. 31 പന്തിൽ 61 റൺസാണ് അഭിഷേകിന്‍റെ സമ്പാദ്യം. എട്ട് ഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പിങ് ബാറ്റർ സഞ്ജു സാംസൺ ആദ്യം പതിഞ്ഞു കളിച്ചെങ്കിലും പതിയെ ടോപ് ഗിയറിലേക്ക് മാറി. വമ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ സഞ്ജു 23 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 39 റൺസെടുത്താണ് പുറത്തായത്. 16-ാം ഓവറിൽ താരം പുറത്താകുമ്പോൾ ടീം സ്കോർ 158ൽ എത്തിയിരുന്നു.

ആറാമനായെത്തിയ ഹാർദിക് പാണ്ഡ്യയെ നിലയുറപ്പിക്കുംമുമ്പ് ദശുൻ ശനക കൂടാരം കയറ്റി. മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. അവസാന ഓവറുകളിൽ അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് തിലക് വർമ മികച്ച സ്ട്രോക് പ്ലേയാണ് പുറത്തെടുത്തത്. തിലക് 49ഉം അക്സർ 21ഉം റൺസുമായി പുറത്താകാതെ നിന്നു. 20-ാം ഓവറിലെ അവസാന പന്ത് സിക്സറടിച്ചാണ് അക്സർ ടീം സ്കോർ 200 കടത്തിയത്.

നിസ്സൻക നിസ്സാരക്കാരനല്ല

ഇന്ത്യയുടെ കൂറ്റൻ സ്കോറിന് ശ്രീലങ്ക രണ്ടു പേരിലൂടെ മറുപടി നൽകി. ഓപണർ പതും നിസ്സൻകയും (58 പന്തിൽ 107), കുശാൽ പെരേരയും (32 പന്തിൽ 58) രണ്ടാം വിക്കറ്റിൽ കളം വാണപ്പോൾ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഒരു വിജയംപോലും നേടാത്ത ശ്രീലങ്കയുടെ തിരുച്ചുവരവിനുള്ള വേദിയായി ദുബൈ മാറുമോയെന്നുറപ്പിച്ചു. 

ആദ്യ ഓവറിൽ കുശാൽ മെൻഡിസിനെ (0) നഷ്ടമായിടത്തു നിന്നാണ് ഇവരും ടീം ടോട്ടൽ കെട്ടിപ്പടുത്തത്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച കൂട്ടുകെട്ട് 134 വരെ പിടിച്ചു നിിന്നു.വിജയം ഏറെ പ്രതീക്ഷിക്കാൻ വകനൽകിയായിരുന്നു 13ാം ഓവറിൽ കുശാൽ ​പെരേര മടങ്ങിയത്. അപ്പോഴും ​ക്രീസിൽ നിസ്സൻകയുടെ ​ചെറുത്തു നിൽപ് തുടർന്നു. വാലറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും അ​യാൾ സ്വതസിദ്ധമായ രീതിയിൽ ബാറ്റു വീശി. പക്ഷേ, അവസാന ഓവറിൽ ജയിക്കാൻ 12 റൺസ് മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ ഹഷിദ് റാണയെ ഫൈൻലെഗിലേക്ക് തട്ടിയിടാനുള്ള നിസ്സൻകയുടെ ശ്രമം പാളി. പന്ത് വിശ്രമിച്ചത് കാത്തിരുന്ന വരുണിന്റെ കൈകളിൽ. വിജയ പ്രതീക്ഷയിൽ നിന്നും ശ്രീലങ്ക കൂപ്പു കുത്തിയ നിമിഷം. ട്വന്റി20യിലെ ആദ്യ സെഞ്ച്വറിയുമായാണ് താരം മടങ്ങിയത്.

എങ്കിലും അവസാന ഓവറിൽ ദസുൻ ശനകയും (22), ജനിത് ലിയാനഗെയും (2) പൊരുതിയെങ്കിലും അവസാന പന്തിൽ രണ്ട് റൺസ് എടുത്ത് സ്കോർ ടൈയിലെത്തി. രണ്ട് റൺസിനെ മൂന്നാക്കി മാറ്റാനുള്ള അവസരം പാഴാക്കിയാണ് ലങ്ക ലാസ്റ്റ് പന്തിൽ വിജയം കൈവിട്ടത്.

Tags:    
News Summary - India vs Sri Lanka Match tied; India won the one-over eliminator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.