രക്ഷകനായി കെ.എൽ. രാഹുൽ (62*); ലങ്കക്കെതിരെ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം; പരമ്പര

കൊൽക്കത്ത: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. ലങ്ക കുറിച്ച 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകളും നാലു വിക്കറ്റും ബാക്കി നിൽക്കെ മറികടന്നു.

സ്കോർ: ശ്രീലങ്ക -39.4 ഓവറിൽ 215. ഇന്ത്യ -43.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഗുവാഹത്തിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ 67 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഞായറാഴ്ച ഉച്ചക്ക് 1.30ന് നടക്കും.

മുൻനിര ബാറ്റർമാർ താളം കണ്ടെത്താനാകാതെ പോയ മത്സരത്തിൽ കെ.എൽ. രാഹുലിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. താരം പുറത്താകാതെ 103 പന്തിൽ 64 റൺസെടുത്തു. ഓപ്പണർമാരായ രോഹിത് ശർമ 21 പന്തിൽ 17 റൺസും ശുഭ്മാൻ ഗിൽ 12 പന്തിൽ 21 റൺസും എടുത്ത് പുറത്തായി. വിരാട് ക്ലോഹി നാലു റൺസെടുത്ത് വേഗം മടങ്ങി. ശ്രേയസ് അയ്യർ 33 പന്തിൽ 28 റൺസെടുത്തു. ഒരുഘട്ടത്തിൽ നാലു വിക്കറ്റിന് 86 റൺസെന്ന നിലയിലായിരുന്നു. പിന്നാലെ ക്രീസിൽ കെ.എൽ. രാഹുലും ഹാർദിക് പാണ്ഡ്യയും ശ്രദ്ധയോടെ ബാറ്റ് ചെയ്ത് ടീം സ്കോർ ഉയർത്തി. സ്കോർ 161ൽ എത്തിനിൽക്കെ പാണ്ഡ്യ മടങ്ങി. 53 പന്തിൽ 36 റൺസെടുത്താണ് താരം മടങ്ങിയത്.

അക്സർ പട്ടേൽ 21 പന്തിൽ 21 റൺസെടുത്തു. പിന്നാലെ ക്രീസിലെത്തിയ കുൽദീപ് യാദവിനെ കൂട്ടുപിടിച്ചാണ് രാഹുൽ ടീമിനെ വിജയത്തിലെത്തിച്ചത്. കുൽദീപ് പത്ത് റൺസെടുത്ത് പുറത്താകാതെ നിന്നു. ലങ്കക്കായി ലഹിരു കുമാര, ചാമിക കരുണരത്നെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കസുൻ രജിത, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ, ടോസ് നേടിയ ലങ്കൻ നായകൻ ദസുൻ ശാനക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇടവേളക്കുശേഷം ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയ സ്പിനർ കുൽദീപ് യാദവും പേസർ മുഹമ്മദ് സിറാജുമാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം നേടി. 39.4 ഓവറിൽ 215 റൺസിന് ലങ്കൻ ഇന്നിങ്സ് അവസാനിച്ചു.

അർധസെഞ്ച്വറി നേടിയ നുവാനിദു ഫെർനാൻഡോ മാത്രമാണ് ലങ്കൻ സംഘത്തിൽ പൊരുതിനോക്കിയത്. താരം 63 പന്തിൽ 50 റൺസെടുത്തു. അവിഷ്ക ഫെർനാൻഡോ (17 പന്തിൽ 20 റൺസ്), കുഷാൽ മെൻഡിസ് (34 പന്തിൽ 34), ധനഞ്ജയ ഡി സിൽവ (പൂജ്യം), ചരിത അസലങ്ക (21 പന്തിൽ 15), ശാനക (നാലു പന്തിൽ രണ്ട്), വാനിന്ദു ഹസരംഗ (17 പന്തിൽ 21), ദുനിത് വെല്ലലഗെ (34 പന്തിൽ 32), ചാമിക കരുണരത്നെ (25 പന്തിൽ 17), ലഹിരു കുമാര (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

കസുൻ രജിത 17 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി ഉമ്രാൻ മാലിക്ക് രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - India vs Sri Lanka, 2nd ODI: KL Rahul Helps India Beat Sri Lanka By 4 Wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.