അർധ സെഞ്ച്വറി നേടിയ അഭിഷേക് ശർമ

അഭിഷേകിന് ഹാട്രിക് ഫിഫ്റ്റി, സഞ്ജുവിന്‍റെ വെടിക്കെട്ട്; ലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ദുബൈ: സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കക്കു മുന്നിൽ 203 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. ഓപണർ അഭിഷേക് ശർമ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ ശതകം കണ്ടെത്തിയതും മധ്യനിരയിൽ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 49 റൺസ് നേടി പുറത്താകാതെ നിന്ന തിലക് വർമയുടെ ഇന്നിങ്സും നിർണായകമായി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 202 റൺസ് നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ ഉപനായകൻ ശുഭ്മൻ ഗില്ലിനെ നഷ്ടമായി. നാല് റൺസ് നേടിയ താരത്തെ റിട്ടേൺ ക്യാച്ചിലൂടെ വാനിന്ദു ഹസരങ്ക മടക്കുകയായിരുന്നു. പിന്നാലെയിറങ്ങിയ നായകൻ സൂര്യകുമാർ യാദവിനൊപ്പം അഭിഷേക് സ്കോർ ബോർഡ് ചലിപ്പിച്ചു. താരം കത്തിക്കയറിയതോടെ 4.3 ഓവറിൽ ഇന്നിങ്സ് സ്കോർ 50 കടന്നു. 22 പന്തിൽ അഭിഷേക് അർധ ശതകം പിന്നിട്ടു. പിന്നാലെ 12 റൺസുമായി സൂര്യ പുറത്ത്. ഇന്ത്യ 6.5 ഓവറിൽ രണ്ടിന് 74.

നാലാമനായി ക്രീസിലെത്തിയ തിലക് വർമ നിലയുറപ്പിച്ചു കളിച്ചു. ഒരറ്റത്ത് വമ്പൻ ഷോട്ടുകളുതിർത്ത അഭിഷേക് ഒമ്പതാം ഓവറിൽ പുറത്തായി. ചരിത് അസലങ്കയെ ഉയർത്തിയടിച്ച അഭിഷേകിനെ ബൗണ്ടറി ലൈനിൽ കമിന്ദു മെൻഡിസ് പിടികൂടി പുറത്താക്കുകയായിരുന്നു. 31 പന്തിൽ 61 റൺസാണ് അഭിഷേകിന്‍റെ സമ്പാദ്യം. എട്ട് ഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പിങ് ബാറ്റർ സഞ്ജു സാംസൺ ആദ്യം പതിഞ്ഞു കളിച്ചെങ്കിലും പതിയെ ടോപ് ഗിയറിലേക്ക് മാറി. വമ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ സഞ്ജു 23 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 39 റൺസെടുത്താണ് പുറത്തായത്. 16-ാം ഓവറിൽ താരം പുറത്താകുമ്പോൾ ടീം സ്കോർ 158ൽ എത്തിയിരുന്നു.

ആറാമനായെത്തിയ ഹാർദിക് പാണ്ഡ്യയെ നിലയുറപ്പിക്കുംമുമ്പ് ദശുൻ ശനക കൂടാരം കയറ്റി. മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. അവസാന ഓവറുകളിൽ അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് തിലക് വർമ മികച്ച സ്ട്രോക് പ്ലേയാണ് പുറത്തെടുത്തത്. തിലക് 49ഉം അക്സർ 21ഉം റൺസുമായി പുറത്താകാതെ നിന്നു. 20-ാം ഓവറിലെ അവസാന പന്ത് സിക്സറടിച്ചാണ് അക്സർ ടീം സ്കോർ 200 കടത്തിയത്.

റെക്കോഡ് തിരുത്തി അഭിഷേക്

ഹാഫ് സെഞ്ച്വറിക്കൊപ്പം ഏഷ്യാകപ്പിലെ റെക്കോഡ് പുസ്തകത്തിലും ഇന്ത്യൻ ഓപണർ അഭിഷേക് ശർമ തിരുത്തൽ വരുത്തി. ഏഷ്യാകപ്പ് ടി20 ടൂർണമെന്‍റിന്‍റെ ഒറ്റ എഡിഷനിൽ ഏറ്റവുമധികം റൺസെന്ന റെക്കോഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്. ആറ് ഇന്നിങ്സിൽനിന്ന് 309 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. തൊട്ടുപിന്നിലുള്ളത് പാകിസ്താന്‍റെ മുഹമ്മദ് റിസ്​വാനാണ്. 2022ൽ ആറ് ഇന്നിങ്സിൽനിന്ന് 281 റൺസാണ് റിസ്​വാൻ നേടിയത്. ഇതേ പതിപ്പിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലി അഞ്ച് ഇന്നിങ്സിൽ നേടിയ 276 റൺസാണ് മൂന്നാമതുള്ളത്.

Tags:    
News Summary - India vs Sri Lank, Asia Cup 2025 Super Four Match Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.