ഇന്ത്യക്കെതിരായ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 119 റൺസ് കൂടി

ബർമിങ്ഹാം: അഞ്ചാം ടെസ്റ്റിൽ ഇന്ത്യ കുറിച്ച 378 റൺസ് ലക്ഷ്യത്തിലേക്ക് കരുതലോടെ ബാറ്റ് വീശി ഇംഗ്ലണ്ട്. നാലാം ദിവസത്തെ കളി അവസാന സെഷനിൽ പുരോഗിക്കവെ മൂന്നു വിക്കറ്റിന് 259 റൺസെടുത്തിട്ടുണ്ട് ആതിഥേയർ. ജയത്തിലേക്ക് ഇനി 119 റൺസ് ദൂരം. ഇംഗ്ലീഷുകാർക്ക് പ്രതീക്ഷ നൽകി ജോ റൂട്ടും (76) ജോണി ബെയർസ്റ്റോയും (72) ക്രീസിലുണ്ട്.

നേരത്തേ ഇന്ത്യയുടെ രണ്ടാമിന്നിങ്സ് 245ൽ അവസാനിച്ചു. 66 റൺസെടുത്ത് ഓപണർ ചേതേശ്വർ പുജാര ടോപ് സ്കോററായി. ഋഷഭ് പന്തും (57) അർധശതകം നേടി. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്സിൽ ഓപണർമാരായ അലക്സ് ലീസും (56) സാക് ക്രോളിയും (46) മികച്ച തുടക്കം നൽകി മടങ്ങി. ഒലീ പോപ്പിന് അക്കൗണ്ട് തുറക്കാനായില്ല. ജസ്പ്രീത് ബുംറയാണ് രണ്ടുപേരെ പുറത്താക്കിയത്.

മൂന്നു വിക്കറ്റിന് 125 റൺസിൽനിന്നായിരുന്നു തിങ്കളാഴ്ച ഇന്ത്യയുടെ രണ്ടാമിന്നിങ്സ് ബാറ്റിങ് പുനരാരംഭം. പുജാരയും പന്തും സ്കോർ 150 കടത്തി മുന്നോട്ടുനീങ്ങവെ ആദ്യ വിക്കറ്റ് വീണു. 168 പന്തിൽ 66 റൺസെടുത്ത പുജാരയെ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ അലക്സ് ലീസ് ക്യാച്ചെടുത്തു. സ്കോർ നാലിന് 153. ഇടക്ക് പന്ത് അർധശതകം കടന്നു. കൂടെയുണ്ടായിരുന്ന ശ്രേയസ് അയ്യരെ (19) മാത്യു പോട്സിന്റെ ഓവറിൽ ജെയിംസ് ആൻഡേഴ്സൻ പിടിച്ചതോടെ ഇന്ത്യ പതറിത്തുടങ്ങി. 86 പന്തിൽ 57 റൺസടിച്ച പന്ത് ആറാമനായി മടങ്ങുമ്പോൾ സ്കോർ 198. പിന്നെ എല്ലാം ചടങ്ങായി. ഒരറ്റത്ത് രവീന്ദ്ര ജദേജ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ശാർദുൽ ഠാകുറും (നാല്) ഇടക്കൊന്ന് മിന്നി നോക്കിയ മുഹമ്മദ് ഷമിയും (13) വീണു.

സ്കോർ 236ൽ ജദേജയെ (23) ബെൻ സ്റ്റോക്സ് ബൗൾഡാക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് അന്ത്യം ആസന്നമായി. സിറാജിനെ (രണ്ട്) സാക്ഷി നിർത്തി ക്യാപ്റ്റൻ ബുംറ (ഏഴ്) ഇംഗ്ലീഷ് ബൗളർമാർക്ക് അവസാന വിക്കറ്റ് നൽകി. സ്റ്റോക്സിന് നാല് ഇരകളെ കിട്ടി.

Tags:    
News Summary - India vs England Edgbaston 5th Test Day 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.