ചെന്നൈയിൽ ചരിത്രം കുറിക്കാൻ ഇന്ത്യ; ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ്ങിന്

50 ഓവർ കളി 11 ഓവറിൽ തീർത്ത് ഇന്ത്യയെ ചാരമാക്കിയ ആസ്ട്രേലിയയോട് മധുര പ്രതികാരത്തിന് ഇന്ത്യ. ചെന്നൈ എം.എ ചിദംബരം മൈതാനത്താണ് ഏകദിനത്തിലും പരമ്പര നേട്ടം തുടരാൻ കംഗാരുപ്പടക്കെതിരെ ആതിഥേയർ ഇറങ്ങുന്നത്. ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തിട്ടുണ്ട്.

ഏകദിന പരമ്പരയിൽ ആദ്യ മത്സരം ജയിച്ചവർ രണ്ടാം പോരിൽ 10 വിക്കറ്റിന് മുട്ടുകുത്തിയിരുന്നു. അതിന്റെ ക്ഷീണം ചെന്നൈയിലും കാണിച്ചാൽ സന്ദർശകർക്ക് ടെസ്റ്റിലെ വീഴ്ച മറന്ന് ഏകദിന പരമ്പരയുമായി മടങ്ങാം. രണ്ടാം ഏകദിനത്തിൽ 117ന് ഇന്ത്യയെ പുറത്താക്കിയ ആസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം പിടിക്കുകയായിരുന്നു. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരെയെല്ലാം വന്നവഴിയേ തിരിച്ചയച്ച് മിച്ചൽ സ്റ്റാർകായിരുന്നു അന്തകവേഷമണിഞ്ഞത്. തുടർച്ചയായി ആദ്യ പന്തിൽ പുറത്താകുന്ന സൂര്യകുമാർ യാദവിന് വീണ്ടും അവസരം നൽകിയിട്ടുണ്ട്. ബൗളിങ്ങിൽ പേസ് സെൻസേഷനായ ഉംറാൻ മാലികിന് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഉൾപ്പെടുത്തിയിട്ടില്ല.

ഇരുടീമും മുഖാമുഖം നിന്ന അവസാന അഞ്ചു കളികളിൽ മൂന്നെണ്ണം ജയിച്ച ആസ്ട്രേലിയക്കാണ് മാനസിക മേൽക്കൈ. ചെന്നൈ മൈതാനത്താകുമ്പോൾ അവസാന അഞ്ചിൽ നാലിലും കംഗാരുക്കൾക്കായിരുന്നു ജയം. ഏറ്റവും ഒടുവിൽ സ്വന്തം മണ്ണിൽ പരമ്പര കൈവിട്ടത് 2019ൽ ഓസീസിനെതിരെയാണെന്ന ചരിത്രവും ഇന്ത്യ​ക്കു മുന്നിലുണ്ട്. രണ്ടു കളികൾ ജയിച്ച്‍ ലീഡ് പിടിച്ച ശേഷമായിരുന്നു തുടർന്ന് മൂന്നെണ്ണം തോറ്റ് പരമ്പര കൈവിട്ടത്. ചിദംബരം സ്റ്റേഡിയം വീണ്ടും ഏകദിനത്തിന് വേദിയാകുന്നത് അഞ്ചു വർഷത്തെ ഇടവേളക്കു ശേഷമാണെന്ന സവിശേഷതയുമുണ്ട്.

നിലവിൽ ഓരോ കളികൾ ജയിച്ച് ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. ​രണ്ടാമത് ബാറ്റുചെയ്തവരാണ് രണ്ടു കളിയിലും ജയം സ്വന്തമാക്കിയതെങ്കിൽ, ആദ്യം ബാറ്റു ചെയ്യുന്നവരെ കനിയുന്നതാണ് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിന്റെ സ്റ്റൈൽ. ഏകദിനത്തിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് 5,000 റൺസിന് 51 റൺസ് മാത്രം അകലെയാണ്. ക്യാപ്റ്റൻ സെഞ്ച്വറി കുറിച്ചാൽ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറിയെന്ന റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്താനുമാകും. രണ്ട് മിച്ചൽമാരാണ് ഇതുവരെയുള്ള മത്സരങ്ങളിൽ ഇന്ത്യക്ക് കാര്യമായ ഭീഷണി ഉയർത്തിയതെന്ന സവിശേഷതയുണ്ട്- സ്റ്റാർക് പന്തു കൊണ്ടാണെങ്കിൽ മാർഷ് ബാറ്റു കൊണ്ടായിരുന്നു.

ടീം: ഇന്ത്യ- രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ആസ്ട്രേലിയ- ഡേവിഡ് വാർണർ, ട്രാവിസ് ​ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, അലക്സ് കാരി, മാർകസ് സ്റ്റോയ്നിസ്, ആഷ്ടൺ ആഗർ, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്, ആദം സാമ്പ. 

Tags:    
News Summary - India vs Australia 3rd ODI, Australia Win Toss Opt To Bat vs India In Series Decider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT