മെൽബൺ: ഏകദിനത്തിൽ തോറ്റതിന് ട്വന്റി20യിൽ തീർക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. കുട്ടിക്രിക്കറ്റിലെ ലോകമാമാങ്കം മാസങ്ങൾ അരികിൽനിൽക്കെ ഒന്നാം നമ്പറുകാരും രണ്ടാമന്മാരും തമ്മിലെ പരമ്പരക്ക് ഇന്ന് കാൻബറയിൽ തുടക്കമാകും. നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യക്കു തന്നെയാണ് മേൽക്കൈ. അടുത്തിടെ ഏഷ്യ കപ്പിലും ടീം അനായാസം കിരീടത്തിൽ മുത്തമിട്ട് പദവിയുറപ്പിച്ചിരുന്നു. ഒറ്റക്കളി പോലും തോൽക്കാതെയായിരുന്നു ടൂർണമെന്റിൽ ടീമിന്റെ ജൈത്രയാത്ര.
കഴിഞ്ഞ വർഷം ലോകകപ്പ് നേടിയ ശേഷം ടീം മൂന്ന് കളികൾ മാത്രമാണ് ഇതുവരെയും തോൽവിയറിഞ്ഞത്. നായകൻ സൂര്യകുമാർ യാദവിനു കീഴിലാകുമ്പോൾ റെക്കോഡുകൾക്ക് പിന്നെയും മധുരം കൂടും. ഇന്ത്യൻ ബൗളിങ്ങിന് കൂടുതൽ മൂർച്ച നൽകി ജസ്പ്രീത് ബുംറ തിരിച്ചുവരുന്നുണ്ട്. ബൗളിങ്ങിൽ ബുംറക്കൊപ്പം വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവരുമുണ്ട്. ബുധനാഴ്ച ഉച്ചക്ക് 1.45നാണ് മത്സരം തുടങ്ങുന്നത്.
ഇതൊക്കെയാകുമ്പോഴും സൂര്യകുമാർ യാദവ് ക്യാപ്റ്റനെന്ന നിലയിൽ തിളങ്ങുമ്പോഴും വ്യക്തിഗത സ്കോർ ഈ വർഷം താഴോട്ടാണെന്ന വിഷയമുണ്ട്. 2025ൽ 10 ഇന്നിങ്സുകളിലായി താരം ആകെ നേടിയത് 100 റൺസാണ്, ശരാശരി 11 റൺസ്. അഭിഷേക് ശർമയെ പോലെ പുതുനിരക്ക് കംഗാരു മണ്ണിൽ കൂടുതൽ തിളങ്ങാനായാൽ കാര്യങ്ങൾ ശുഭമാകും.
മറുവശത്ത്, മിച്ചൽ മാർഷിനുകീഴിൽ കരുത്ത് കൂട്ടിയാണ് ഓസീസിന്റെ വരവ്. ടീം അവസാനം കളിച്ച 20 ട്വന്റി20കളിൽ രണ്ടെണ്ണം മാത്രമാണ് തോറ്റത്. ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, െഗ്ലൻ മാക്സ്വെൽ എന്നിങ്ങനെ ഓരോരുത്തരും കൊടുങ്കാറ്റ് തീർക്കാൻ പോന്നവർ. ഇവർക്കൊപ്പം മാർകസ് സ്റ്റോയിനിസ്, മാറ്റ് ഷോർട്ട് എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.