സ്വന്തം പിച്ചിൽ ഓസീസിനെ മുക്കി ഓവലിലേക്ക്- ഇരുടീമുകൾക്കുമുണ്ട് പ്രതീക്ഷകൾ; വെല്ലുവിളികളും

തുടർച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടമുറപ്പിച്ചുനിൽക്കുകയാണ് ടീം ഇന്ത്യ. കന്നി കിരീടത്തിലേക്ക് ഒരു ചുവട് അകലെ. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഗ്ലാമർ വേദിയായ ഓവലിലാണ് ചാമ്പ്യൻപോര്. കഴിഞ്ഞ ദിവസം ശ്രീലങ്ക ന്യുസിലൻഡ് ന്യുസിലൻഡിനോട് തോൽവി സമ്മതി​ച്ചതോടെയായിരുന്നു ഇന്ത്യ കാത്തിരുന്ന ശുഭദിനമെത്തിയത്.

2021ൽ ഇംഗ്ലണ്ട് പരമ്പരയോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരു തേടി യാത്ര തുടങ്ങിയത്. ഒരു ഘട്ടത്തിൽ 2-1ന് ലീഡ് പിടിച്ചെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ വൈകി നടന്ന അഞ്ചാം ടെസ്റ്റിൽ രോഹിത് സംഘം തോൽവി വഴങ്ങി. അതുകഴിഞ്ഞ് ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾക്കെതിരെ സ്വന്തം മണ്ണിലും ബംഗ്ലദേശിനെതിരെ അവരുടെ നാട്ടിലും ചെന്ന് പരമ്പര ജയിച്ചുപോന്ന ടീം ഒടുവിൽ ബോർഡർ- ഗവാസ്കർ ട്രോഫിയിലും പരമ്പര സ്വന്തമാക്കി.

മറുവശത്ത്, കംഗാരു മണ്ണിൽ ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പര തൂത്തുവാരിയാണ് ഓസീസ് വരവറിയിച്ചത്. പാകിസ്താനെതിരെ അവരുടെ നാട്ടിൽ കുറിച്ച ചരിത്ര വിജയത്തിനൊപ്പം വിൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളെയും വീഴ്ത്തി ആദ്യം ടിക്കറ്റുറപ്പിക്കുന്ന സംഘമായി.

‘യോഗ്യത ഘട്ടം’ പൂർത്തിയാകുമ്പോൾ ഇരുവശത്തുമുണ്ട് കണക്കെടുപ്പുകൾ. കെ.എൽ രാഹുൽ എന്ന ഓപണർക്കു പകരം ശുഭ്മാൻ ഗിൽ എത്തിയതാണ് ഇന്ത്യൻ നിരയിലെ വലിയ മാറ്റം. ഏറെയായി ഓപണറുടെ റോളിൽ പരാജയമായ രാഹുലിനു പകരം ഓപൺ ചെയ്യാനെത്തിയ ഗിൽ അഹ്മദാബാദ് ടെസ്റ്റിൽ സെഞ്ച്വറി നേട്ടത്തോടെ ഇടമുറപ്പിക്കുകയായിരുന്നു. ഓവൽ പിച്ച് രാഹുലി​ന് ഇഷ്ട വേദിയാണെങ്കിലും ലോക​ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഗിൽ തന്നെ ഓപൺ ചെയ്യാനാണ് സാധ്യത. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിൽ രാഹുൽ കുറിച്ചത് 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണെന്നതു തന്നെ പ്രശ്നം.

ബൗളിങ്ങിൽ ബുംറയുടെ അസാന്നിധ്യം ഒരുവിധം പരിഹരിച്ച പോലെയാണ് കാര്യങ്ങൾ. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ചേർന്ന് ഇതുവരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഉമേഷ് യാദവ്, ഷാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്കട്ട് എന്നിവരും ചേരുമ്പോൾ ഇന്ത്യൻ പേസ് ആക്രമണത്തിന് മൂർച്ച കൂടും. പേസിനെ തുണക്കുന്ന ഇംഗ്ലീഷ് മൈതാനത്ത് സ്പിന്നർമാരായി ജഡേജയും അശ്വിനുമുണ്ടാകും.

ഓസീസ് നിരയിൽ നഥാൻ ലിയോൺ ബൗളിങ്ങിലും ഉസ്മാൻ ഖ്വാജ ബാറ്റിങ്ങിലും കരുത്തു കാട്ടിയതാണ് ശ്രദ്ധേയമായത്. ലിയോൺ 22 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖ്വാജ 333 റൺസാണ് അടിച്ചെടുത്തത്. സ്റ്റീവ് സ്മിത്ത് നായകനെ നിലക്കു മാത്രമല്ല, ബാറ്റിങ്ങിലും തിളങ്ങിയപ്പോൾ മാർനസ് ലബൂഷെയിൻ, ട്രാവിസ് ഹെഡ് എന്നിവരും മോശമല്ലാതെ ഒപ്പം നിന്നു. കന്നി സെഞ്ച്വറിയുമായി കാമറൺ ഗ്രീൻ തകർത്തടിച്ചതും ഓസീസ് ക്യാമ്പിനെ ഒരു ചുവട് മുന്നിൽനിർത്തും. 

Tags:    
News Summary - India v Australia: Rahul vs Gill and other selection conundrums ahead of WTC final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.