തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർ തീപടർത്തിയതിന് പിന്നാലെ ബൗളർമാർ ചേർന്ന് ഓസീസിനെ ചാരമാക്കി. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയ​ർ മുന്നോട്ടുവെച്ച 236 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 44 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. രവി ബിഷ്‍ണോയി നാലോവറിൽ 32 റൺസും പ്രസിദ്ധ് കൃഷ്ണ 41 റൺസും വഴങ്ങി മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോൾ അക്സർ പട്ടേൽ, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് ഓപണർമാരായ സ്റ്റീവൻ സ്മിത്തും മാത്യു ഷോർട്ടും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 17 പന്തിൽ 35 റൺസടിച്ച സഖ്യം പിരിച്ചത് രവി ബിഷ്‍ണോയിയായിരുന്നു. മാത്യു ഷോർട്ടിന്റെ സ്റ്റമ്പ് താരം തെറിപ്പിക്കുകയായിരുന്നു. തുടർന്നെത്തിയ ജോഷ് ഇംഗ്ലിസ് രണ്ട് റൺസുമായും കൂറ്റനടിക്കാരൻ ​െഗ്ലൻ മാക്സ്വെൽ 12 റൺസുമായും പിടിച്ചുനിന്ന ഓപണർ സ്റ്റീവൻ സ്മിത്ത് 19 റൺസുമായും മടങ്ങിയതോടെ ആസ്ട്രേലിയ തോൽവി മണത്തു.

എന്നാൽ, 25 പന്തിൽ 45 റൺസെടുത്ത മാർകസ് സ്റ്റോയിനിസും 22 പന്തിൽ 37 റൺസെടുത്ത ടിം ഡേവിഡും ചേർന്ന സഖ്യം ഇന്ത്യക്ക് ഭീഷണിയായി നിലയുറപ്പിച്ചു. 38 പന്തിൽ 81 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. എന്നാൽ, സ്റ്റോയിനിസിനെ മുകേഷ് കുമാറിന്റെ പന്തിൽ അക്സർ പട്ടേലും ഡേവിഡിനെ രവി ബിഷ്‍ണോയിയുടെ പന്തിൽ ഗെയ്ക്‍വാദും പിടികൂടിയതോടെ ആസ്ട്രേലിയയുടെ പോരാട്ടവും അവസാനിച്ചു. ഓരോ റൺസെടുത്ത സീൻ അബ്ബോട്ട്, നതാൻ എല്ലിസ് എന്നിവരെ പ്രസിദ്ധ് കൃഷ്ണയും ആദം സാംബയെ അർഷ്ദീപും ബൗൾഡാക്കി. ക്യാപ്റ്റൻ മാത്യു ​വെയ്ഡ് അവസാന ഓവറുകളിൽ ആ​ഞ്ഞടിച്ചെങ്കിലും വിജയത്തിൽനിന്ന് ഏറെ അകലെയായിരുന്നു. വെയ്ഡ് 23 പന്തിൽ നാല് സിക്സും ഒരു ഫോറും സഹിതം 42 റൺസുമായി പുറത്താകാതെ നിന്നു. രണ്ടു റൺസുമായി തൻവീർ സാങ്കയും പുറത്താവാതെ നിന്നു.

നേരത്തെ യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‍വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അർധസെഞ്ച്വറികൾക്കൊപ്പം അവസാന ഓവറുകളിൽ റിങ്കുസിങ്ങിന്റെ തകർപ്പനടികളും ചേർന്ന​പ്പോഴാണ് ഇന്ത്യൻ യുവനിര 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് അടിച്ചെടുത്തത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന സ്കോറിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് യശസ്വി ജയ്സ്വാൾ-​ഋതുരാജ് ഗെയ്ക്‍വാദ് സഖ്യം നൽകിയത്. ജയ്സ്വാളിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 77 റൺസ് അടിച്ചെടുത്തു. 25 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 53 റൺസ് നേടിയ ജയ്സ്വാളിനെ നതാൻ എല്ലിസിന്റെ പന്തിൽ ആദം സാംബ പിടികൂടിയതോടെയാണ് ആസ്ട്രേലിയൻ ബൗളർമാർക്ക് ​ശ്വാസം നേരെവീണത്. എന്നാൽ, ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. തുടർന്നെത്തിയ ഇഷാൻ കിഷൻ ഋതുരാജ് ഗെയ്ക്‍വാദിനൊപ്പം അടി തുടർന്നു. ഇരുവരും ചേർന്ന് സ്കോർബോർഡിൽ 58 പന്തിൽ 87 റൺസ് ചേർത്താണ് പിരിഞ്ഞത്. 32 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റൺസടിച്ച ഇഷാൻ കിഷനെ മാർകസ് സ്റ്റോയിനിസിന്റെ പന്തിൽ നതാൻ എല്ലിസ് പിടികൂടുകയായിരുന്നു.

തുടർന്നെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ സ്റ്റോയിനിസിനെ സിക്സടിച്ചാണ് തുടങ്ങിയത്. എന്നാൽ, നായകന് അധികം ആയുസുണ്ടായില്ല. 10 പന്തിൽ രണ്ട് സിക്സടക്കം 19 റൺസ് നേടിയ സൂര്യയെ നതാൻ എല്ലിസ് സ്റ്റോയിനിസിന്റെ കൈയിലെത്തിക്കുകയായിരുന്നു. അടുത്ത ഊഴം റിങ്കു സിങ്ങിനായിരുന്നു. ഒമ്പത് പന്ത് മാത്രം നേരിട്ട താരം രണ്ട് സിക്സും നാല് ഫോറുമടക്കം 31 റൺസുമായി പുറത്താകാതെ നിന്നു. ഓവർ പൂർത്തിയാകുമ്പോൾ രണ്ട് പന്തിൽ ഏഴ് റൺസുമായി തിലക് വർമയായിരുന്നു റിങ്കു സിങ്ങിന് കൂട്ട്. ഋതുരാജ് ഗെയ്ക്‍വാദ് 43 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 58 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. താരത്തെ എല്ലിസ് എറിഞ്ഞ അവസാന ഓവറിൽ ടിം ഡേവിഡ് പിടികൂടുകയായിരുന്നു.

ആസ്ട്രേലിയൻ നിരയിൽ നതാൻ എല്ലിസ് നാലോവറിൽ 45 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് മാർകസ് സ്റ്റോയിനിസ് നേടി.

Tags:    
News Summary - India thrashed Aussies at Greenfield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.