ഓവലിൽ തിരിച്ചടിച്ച് ഇന്ത്യ! ഇംഗ്ലണ്ടിന് ഏഴു വിക്കറ്റുകൾ നഷ്ടം, ലീഡിനരികെ

ലണ്ടൻ: ഓവലിൽ തുടക്കത്തിൽ കത്തിക്കയറിയ ഇംഗ്ലീഷ് ബാറ്റർമാരെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർ! 215 റൺസെടുക്കുന്നതിനിടെ ഇംഗ്ലീഷുകാർക്ക് ഏഴു വിക്കറ്റുകൾ നഷ്ടമായി.

ചായക്കു പിരിയുമ്പോൾ ലീഡിലേക്ക് ഒമ്പത് റൺസ് ദൂരം. മുഹമ്മദ് സിറാജിന്‍റെയും പ്രസിദ്ധ് കൃഷ്ണയുടെയും തകർപ്പൻ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം നേടി. 36 പന്തിൽ 33 റൺസുമായി ഹാരി ബ്രൂക്ക് ക്രീസിലുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 224 റൺസിൽ അവസാനിച്ചിരുന്നു. ഇംഗ്ലീഷുകാർക്ക് ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക് ക്രോളിയും മികച്ച തുടക്കമാണ് നൽകിയത്.

ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇരുവരും 12.5 ഓവറിൽ 92 റൺസാണ് അടിച്ചുകൂട്ടിയത്. റൺ റേറ്റ് 7.16. മുഹമ്മദ് സിറാജ് താളം കണ്ടെത്താനാകാതെ വലഞ്ഞപ്പോൾ, തുടക്കത്തിൽ ആകാശാണ് ഇംഗ്ലീഷ് ഓപ്പണർമാർക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയത്. പിന്നാലെ അകാശും ഡക്കറ്റിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. സ്വീപ് ഷോട്ടുകളിലൂടെയും റിവേഴ്സ് സ്കൂപ്പിലൂടെയും ആകാശിന്‍റെ പന്തുകൾ ബൗണ്ടറി കടന്നു. ഒടുവിൽ ആകാശിനു മുന്നിൽ ഡക്കറ്റ് വീണു.

38 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 43 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അർധ സെഞ്ച്വറി നേടിയ സാക് ക്രോളിയെ (57 പന്തിൽ 64 റൺസ്) പ്രസിദ്ധ് കൃഷ്ണ രവീന്ദ്ര ജദേജയുടെ കൈകളിലെത്തിച്ചു. പിന്നാലെ നായകൻ ഒലീ പോപ്പിനെയും (44 പന്തിൽ 22) ജോ റൂട്ടിനെയും (45 പന്തിൽ 29) സിറാജ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ബ്രൂക്ക് ഒരുഭാഗത്ത് നിലയുറപ്പിച്ചെങ്കിലും ജേക്കബ് ബെത്തെൽ (14 പന്തിൽ ആറ്), ജമീ സ്മിത് (22 പന്തിൽ എട്ട്), ജമീ ഓവർട്ടൺ (നാലു പന്തിൽ പൂജ്യം) എന്നിവർ വേഗം മടങ്ങി.

രണ്ടാം ദിനം ആറിന് 204 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർബോർഡിൽ 20 റൺസ് മാത്രമേ കൂട്ടിചേർക്കാനായുള്ളൂ. കരുൺ നായർ (57) അർധ സെഞ്ച്വറി തികച്ചതൊഴിച്ചാൽ ഇന്ത്യയുടെ ബാറ്റിങ് ഓവലിൽ തകർന്നടിഞ്ഞു.

മുഹമ്മദ് സിറാജ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവർ പൂജ്യത്തിന് പുറത്തായി. ആദ്യ ദിനത്തിൽ യശസ്വി ജയ്സ്വാൾ (രണ്ട്), കെ.എൽ രാഹുൽ (14), സായ് സുദർശൻ (38), ശുഭ്മൻ ഗിൽ (21), രവീന്ദ്ര ജദേജ (9), ദ്രുവ് ജുറൽ (19), വാഷിങ്ടൺ സുന്ദർ (26) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. അഞ്ചുവിക്കറ്റുമായി ഗസ്റ്റ് അറ്റ്കിൻസണും മൂന്ന് വിക്കറ്റുമായി ജോഷ് ടോങ്ങുമാണ് ഇന്ത്യയുടെ നടുവൊടിച്ചത്.

Tags:    
News Summary - India strikes back at The Oval! England lose seven wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.