ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ്; 13 റൺസിന് തോൽപിച്ചു; ഇന്ത്യ സെമിയിൽ

അഡലെയ്‌ഡ്: ട്വന്‍റി20 ലോകകപ്പിൽനിന്ന് ദക്ഷിണാഫ്രിക്കക്ക് കണ്ണീരോടെ മടക്കം. സൂപ്പർ 12 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നെതർലൻഡ്സിന് 13 റൺസിന്‍റെ അട്ടിമറി ജയം. ഇതോടെ സിംബാബ്‌വെക്കെതിരായ മത്സരത്തിനു മുമ്പു തന്നെ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു.

159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അപരാജിത ഇന്നിങ്സിന്‍റെ കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. താരം 26 പന്തിൽ 41 റൺസെടുത്തു.

നെതര്‍ലന്‍ഡ്‌സിനായി ഓപ്പണര്‍മാരായ സ്റ്റീഫന്‍ മിബറും മാക്‌സ് ഒഡൗഡും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 58 റണ്‍സ് അടിച്ചുകൂട്ടി. മിബര്‍ 30 പന്തില്‍ 37 ഉം ഒഡൗഡ് 31 പന്തില്‍ 29 ഉം റണ്‍സ് നേടി. മൂന്നാമനായി എത്തിയ ടോം കൂപ്പർ 19 പന്തില്‍ 35 റൺസെടുത്തു. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ആച്ച് നോര്‍ക്യയും ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിന്‍റെ ഓപ്പണർമാർ വേഗത്തിൽ മടങ്ങി. 13 പന്തില്‍ 13 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെ ഫ്രഡ് ക്ലാസന്‍ എഡ്‌വേഡ്‌സിന്‍റെ കൈകളിലെത്തിച്ചു. 20 പന്തില്‍ 20 എടുത്ത തെംബാ ബാവുമയെ പോള്‍ വാന്‍ മീകെരന്‍ ബൗള്‍ഡാക്കി. 19 പന്തില്‍ 25 റണ്‍സെടുത്ത റൈലി റൂസ്സയുടെ പോരാട്ടം ബ്രാണ്ടന്‍ ഗ്ലോവര്‍ അവസാനിപ്പിച്ചു.

പിന്നീട് വന്നവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. നെതർലൻഡ്സിനായ ബ്രാൻഡൻ ഗ്ലോവർ മൂന്നു വിക്കറ്റ് നേടി. ട്വന്റി20, ഏകദിന ലോകകപ്പുകളിൽ നിർഭാഗ്യ സംഘമാണ് എക്കാലവും ദക്ഷിണാഫ്രിക്ക. ഏഴു ട്വന്റി20 ലോകകപ്പുകളിൽ ഒരു തവണ പോലും ഫൈനലിലെത്തിയിട്ടില്ല. രണ്ടുവട്ടം സെമിയിലെത്തി.

ഞായറാഴ്ച നടക്കുന്ന പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയികൾക്ക് ഗ്രൂപിൽനിന്ന് രണ്ടാമതായി സെമിയിലെത്താനാകും. 

Tags:    
News Summary - India Qualify For Semi-finals, Netherlands Dump South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.