ന്യൂഡൽഹി: മൂന്ന് അയൽക്കാരും പിന്നെ ന്യൂസിലൻഡും ചേർന്നതാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഉൾക്കൊള്ളുന്ന ഗ്രൂപ്. പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങൾ. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് ആദ്യ മത്സരം. 23ന് പാകിസ്താനും മാർച്ച് രണ്ടിന് ന്യൂസിലൻഡും എതിരാളികളാകും. ബംഗ്ലാദേശ് താരതമ്യേന ദുർബലരാണെങ്കിലും മറ്റുള്ളവ രണ്ടും കടുത്ത പോരാട്ടം കാഴ്ചവെക്കാൻ ശേഷിയുള്ളവർ. ഓരോ ടീമിന്റെയും കരുത്തും ദൗർബല്യവും അളന്നുറപ്പിച്ച് പോരു ജയിക്കാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു.
ഏകദിനമാണ് ബംഗ്ലാ കടുവകൾ എന്നും കരുത്തുകാട്ടിയ ഫോർമാറ്റ്. ഏഷ്യ കപ്പ് കലാശപ്പോരിലെത്തിയവർ. 2015 ലോകകപ്പിൽ ക്വാർട്ടർ കളിച്ചവർ. മഹ്മൂദുല്ല, മുഷ്ഫിഖുർറഹീം തുടങ്ങിയവരടങ്ങിയ ടീമിനെ എഴുതിത്തള്ളാനാകില്ല. സൗമ്യ സർക്കാർ, തൻസീം ഹസൻ സാകിബ്, മെഹ്ദി ഹസൻ മിറാജ് തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. അതേസമയം, സ്ഥിരതയാർന്ന പ്രകടനമില്ലായ്മയാണ് വലിയ വില്ലൻ. ലിട്ടൺ ദാസിനെ പോലുള്ളവർ ടീമിന് പുറത്തായത് സമീപകാലത്തെ മോശം ഫോമിന്റെ പേരിലാണ്. ഷാകിബുൽ ഹസനും അടുത്തിടെ വിശ്വസിക്കാവുന്ന താരമല്ല. ദുബൈയിലെ മൈതാനത്ത് മെഹ്ദി, റിശാദ് ഹുസൈൻ എന്നീ സ്പിന്നർമാർക്കൊപ്പം മുസ്തഫിസുർറഹീമും ചേർന്നാൽ ഏത് ടീമിനും ഭീഷണി ഉയർത്താനാകും.
ടീം സെലക്ഷൻ പരാതികൾ ഇനിയും അടങ്ങിയിട്ടില്ലെങ്കിലും ഉള്ളവരെ വെച്ച് ഏതറ്റം വരെയും പോകാൻ നിലവിലെ ഇലവൻതന്നെ ധാരാളം. 2017 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ മുറിവു നൽകിയ ഫഖർ സമാൻ മുതൽ ബാബർ അഅ്സം, മുഹമ്മദ് രിസ്വാൻ, സൽമാൻ അലി ആഗ വരെ താരനിര തീർച്ചയായും അതിശക്തം. ബൗളിങ്ങിൽ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിങ്ങനെ പോകും വമ്പൻ പേരുകൾ. ബാബർ അഅ്സമിനെ കുറിച്ച ആധികൾ നിലനിൽക്കുന്നുണ്ട്. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക പരമ്പരകളിലടക്കം താരം തിളങ്ങിയിരുന്നില്ല. കംറാൻ ഗുലാം, ഖുശ്ദിൽ ഷാ, തയ്യിബ് താഹിർ തുടങ്ങിയവരും കരുത്തു കാട്ടണം. സ്വന്തം മണ്ണിലാണ് കളിയെന്നത് പാക് ടീമിന്റെ ഏറ്റവും വലിയ അവസരമാണ്. ടീമിൽ സ്പെഷലിസ്റ്റ് സ്പിന്നറായി അബ്റാർ അഹ്മദ് മാത്രമാണെന്നത് തീർച്ചയായും വിഷയമാണ്.
വൈറ്റ് ബാൾ ക്രിക്കറ്റിൽ അനുഭവവും മികവും ഒരേ അളവിൽ മേളിച്ച കളിക്കൂട്ടമാണ് കിവികളുടെത്. ഓപണിങ് ജോടികളായ ഡെവൻ കോൺവേയും ടോം ലഥാമും മുതൽ കെയിൻ വില്യംസൺ, ഡാരിൽ മിച്ചൽ, െഗ്ലൻ ഫിലിപ്സ്, മിച്ചെൽ സാന്റ്നർ എന്നിങ്ങനെ ബാറ്റർമാരുടെ പട തന്നെയുണ്ട് ടീമിൽ. എന്നാൽ, ടിം സൗത്തിയും ട്രെന്റ് ബൗൾട്ടും ഇത്തവണ ഇല്ലെന്നതിനൊപ്പം സ്പിന്നിനെതിരെ പാളിപ്പോകുന്ന പ്രതിരോധംകൂടി ടീമിനെ അലട്ടുന്ന വലിയ വെല്ലുവിളികളാണ്.
ദുബൈ: എട്ടുവർഷത്തെ ഇടവേളക്കുശേഷം തിരികെയെത്തുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ജേതാക്കളെ കാത്തിരിക്കുന്നത് 19.5 കോടി രൂപ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെ പാകിസ്താനിലെ വേദികളിലും ദുബൈയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. നാലു ടീമുകളടങ്ങിയ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ടിലേക്ക് യോഗ്യത നേടും. കിരീടവുമായി മടങ്ങുന്നവർക്ക് 22.4 ലക്ഷം ഡോളർ (19.45 കോടി രൂപ) ആണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 11.2 ലക്ഷം ഡോളർ (9.72 കോടി രൂപ) ലഭിക്കും. സെമിയിലെത്തിയ മറ്റു രണ്ടു ടീമുകൾക്ക് 560,000 ഡോളറും (4.86 കോടി രൂപ) നൽകും.
ഗ്രൂപ് ഘട്ടത്തിൽ ഓരോ മത്സരവിജയിക്കും 34,000 ഡോളർ (29.5 ലക്ഷം രൂപ) ലഭിക്കും. അഞ്ചാമതും ആറാമതുമെത്തുന്ന ടീമുകൾക്ക് മൂന്നരലക്ഷം ഡോളറും (3.04 കോടി രൂപ) ഏഴും എട്ടും സ്ഥാനക്കാർക്ക് 140,000 ഡോളറും (1.21 കോടി) ലഭിക്കും. 2027 മുതൽ വനിതകൾക്കും ട്വന്റി20 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.