ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരം കളിച്ച ഹർഷിദ് റാണയേയും അർഷദീപ് സിങ്ങിനെയും പുറത്തിരുത്തി. പകരം റിങ്കു സിങ്ങും ശിവം ദുബെയും ടീമിൽ തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ വിശ്രമം നൽകിയ ജസ്പ്രീത് ബുംറയും തിരിച്ചെത്തി.
അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ഫഖർ സമാൻ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ അലി ആഘ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. തുടർച്ചയായി ആറ് മത്സരങ്ങളും ജയിച്ചു. സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ നടന്ന കളിയിൽ പരാജയ വക്കത്തുനിന്ന് ടൈയിൽപ്പിടിച്ച് സൂപ്പർ ഓവറിൽ വിജയം കാണാൻ മെൻ ഇൻ ബ്ലൂവിനായി. മത്സരത്തിനിടെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്കും ഓപണിങ് ബാറ്റർ അഭിഷേക് ശർമക്കും പരിക്കേറ്റത് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കിൽ ഫൈനൽ ഇലവനിൽ മിന്നും ഫോമിലുള്ള അഭിഷേകിനെ നിലനിർത്തി.
ബാറ്റർമാർ തകർപ്പൻ ഫോമിലുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്ലസ് പോയന്റ്. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ ശതകം നേടിയ അഭിഷേകിന്റെ ബാറ്റിൽനിന്ന് ഇന്നും റൺസൊഴുകുമെന്നാണ് പ്രതീക്ഷ. ലങ്കക്കെതിരെ ശുഭ്മൻ ഗില്ലും സൂര്യയും നിറംമങ്ങിയപ്പോൾ തിലക് വർമയും സഞ്ജു സാംസണും വിശ്വാസം കാത്തു. കഴിഞ്ഞ കളിയിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയതോടെ ബൗളിങ്ങ് നിരയും ശക്തമാണ്. ഓൾ റൗണ്ടർമാരായ അക്ഷർ പട്ടേലും ശിവം ദുബെയും സ്പെഷലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.