വനിത ഏകദിന ലോകകപ്പ്: ഇന്ത്യക്കെതിരെ പാകിസ്താന് 248 റൺസ് വിജയലക്ഷ്യം

കൊളംബോ: വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് 248 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി. ഹർലീൻ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 65 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 46 റൺസെടുത്തു.

പാകിസ്താനുവേണ്ടി ഡയാന ബെയ്ഗ് 10 ഓവറിൽ 69 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. റിച്ച ഘോഷ് 20 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. താരത്തിന്‍റെ അവസാന ഓവറുകളിലെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പ്രതിക റാവൽ (37 പന്തിൽ 31), സ്മൃതി മന്ദാന (32 പന്തിൽ 23), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 19), ജെമീമ റോഡ്രിഗസ് (37 പന്തിൽ 32), ദീപ്തി ശർമ (33 പന്തിൽ 25), സ്നേഹ് റാണ (33 പന്തിൽ 20), ശ്രീ ചരണി (അഞ്ചു പന്തിൽ ഒന്ന്), ക്രാന്ത് ഗൗഡ് (നാലു പന്തിൽ എട്ട്), രേണുക സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ.

പാകിസ്താനുവേണ്ടി സദിയ ഇഖ്ബാൽ, ഫാത്തിമ സന എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ഭേദപ്പെട്ട തുടക്കമാണ് പ്രതികയും സ്മൃതിയും ചേർന്ന് ഇന്ത്യക്കു നൽകിയത്. സ്കോർ 48ൽ നിൽക്കെ മന്ദാനയെ ഫാതിമ സന എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പിന്നാലെ പ്രതിക റാവൽ സാദിയ ഇക്ബാലിന്റെ പന്തിൽ ബോൾഡായി. ഹർലീൻ ഡിയോളും ഹർമൻപ്രീത് കൗറും ചേർന്നാണ് സ്കോർ നൂറു കടത്തിയത്.

ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പുരുഷ ടീമിന്‍റെ വഴിയേ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ഹസ്തദാനം നടത്തിയില്ല. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വനിത ടീമും പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, രേണുക സിങ് ഠാകുർ, ദീപ്തി ശർമ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), മുനീബ അലി സിദ്ദിഖി, ആലിയ റിയാസ്, ഡയാന ബെയ്ഗ്, എയ്മൻ ഫാത്തിമ, നഷ്‌റ സുന്ദു, നതാലിയ പർവേസ്, റമീൻ ഷമീം, സദഫ് ഷംസ്, സാദിയ ഇഖ്ബാൽ, ഷവ്വാൽ സുൽഫിഖർ.

Tags:    
News Summary - ICC Women's World Cup 2025: Richa Ghosh Powers India To 247 vs Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.