ട്വന്‍റി20 ലോകകപ്പിന്‍റെ ആവേശപോരിന് ആസ്ട്രേലിയൻ മണ്ണിൽ തുടക്കമായിരിക്കുകയാണ്. ട്വന്‍റി20യിലെ പുതിയ ബൗളിങ് നിയമമാണ് ടീമുകളെ വലക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഓവർ പൂർത്തിയാക്കിയില്ലെങ്കിൽ തുടർന്നുള്ള ഓവറുകളിൽ ഫീൽഡിങ് നിയന്ത്രണം ഏർപ്പെടുത്തും.
കൂടാതെ, ടീമിന് പിഴയും ചുമത്തും. ഇത് മറികടക്കാനുള്ള ചില പൊടിക്കൈകളാണ് ആതിഥേയ ടീം കളത്തിൽ പരീക്ഷിക്കുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് അവസാനിച്ച ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിലാണ് പിഴ ഒഴിവാക്കാനുള്ള വിദ്യ ആദ്യമായി ആസ്ട്രേലിയ പ്രയോഗിച്ചത്. ബൗണ്ടറി ലൈനിനു പുറത്ത് ബോൾ ബോയിയുടെ റോൾ സഹതാരങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
ആസ്ട്രേലിയയിലെ വലിയ മൈതാനങ്ങളിൽ ബൗണ്ടറി വഴങ്ങുമ്പോൾ സമയം നഷ്ടമാകാൻ സാധ്യത കൂടുതലാണ്. ഫീൽഡർമാർ വന്ന് ബൗളെടുത്ത് പോകുമ്പോൾ ഏറെ സമയം പാഴാകും. ഇത് മറികടക്കാനാണ് ഓസിസ് ടീം പൊടിക്കൈ കാട്ടിയത്. പുതിയ നിയമപ്രകാരം 20 ഓവർ പൂർത്തിയാക്കാൻ 85 മിനിറ്റാണ് ബൗളിങ് ടീമിനുള്ള സമയം. 85 മിനിറ്റിന് ശേഷമുള്ള ഓരോ പന്തിനും സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ.
ഇത് ബാറ്റിങ് ടീമിന് ഗുണം ചെയ്യും. അതിനാൽ, ബോൾ ബോയിമാരുടെ റോളിലെത്തുന്ന താരങ്ങൾ തന്നെ ബൗണ്ടറി ലൈൻ കടക്കുന്ന പന്തുകൾ വേഗത്തിൽ എടുത്ത് കളിക്കാർക്ക് കൈമാറുകയാണ്. 'പവർപ്ലേയിൽ, ഗ്രൗണ്ടിന്‍റെ ഏത് കോണിലേക്കും ബാറ്റർമാർ പന്തിനെ അടിച്ചുപറത്തും. ഫീൽഡർമാർ പോയി പന്ത് എടുത്തുവരുമ്പോൾ ഏറെ സമയം നഷ്ടപ്പെടും. മത്സരത്തിൽ സമയം കൈകാര്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. അതിനാൽ ഗ്രൗണ്ടിനു പുറത്തെ ബെഞ്ചിലിരിക്കുന്ന താരങ്ങളെ ഇവിടെ നിർത്തുന്നതിലൂടെ 10 സെക്കൻഡ് ലാഭിക്കാനാകുമെന്ന് ഞാൻ കരുതുന്നു - ആസ്ട്രേലിയൻ ഓൾറൗണ്ടർ ആഷ്ടൺ ആഗർ പറഞ്ഞു.
ലോകപ്പിൽ മറ്റു ടീമുകളും ഈ പൊടിക്കൈ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.