'അങ്ങനെ ചെയ്യരുതായിരുന്നു.., ഗില്ലിന് സെഞ്ച്വറി നേടാനായി രാഹുൽ പന്തുകൾ മനപൂർവം തട്ടിമാറ്റി'; രൂക്ഷമായി വിമർശിച്ച് ഗവാസ്കർ

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ കെ.എൽ.രാഹുലിന്റെ ബാറ്റിങ് സമീപനത്തെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ.

ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി നേടാൻ വേണ്ടി അമിത പ്രതിരോധത്തിലൂന്നിയുള്ള കെ.എൽ രാഹുലിന്റെ ബാറ്റിങ് രീതി ശരിയായില്ലെന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനം.

"ഇതൊരു ടീം ഗെയിമാണ്. തന്റെ സ്വാഭാവിക കളിയാണ് പുറത്തെടുക്കേണ്ടത്. തന്റെ സഹതാരത്തിന് സെഞ്ച്വറി നൽകാൻ വേണ്ടി പന്ത് തട്ടിമാറ്റുകയാണ്. അങ്ങനെ ചെയ്യരുതായിരുന്നു. സഹതാരത്തിന് ഒരു നാഴികക്കല്ല് എത്താൻ സഹായിക്കുന്നതിലാണ് അവൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കളിച്ചത് അർധമനസ്സോടെയുള്ള ഷോട്ടായിരുന്നു"- സുനിൽ ഗവാസ്കർ പറഞ്ഞു.

ഇന്ത്യക്ക് ജയിക്കാൻ 28 റൺസ് ആവശ്യമായിരുന്നപ്പോഴാണ് രാഹുൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. മറുവശത്ത് ഗിൽ 81 റൺസുമായി നിൽക്കുന്നു. ഒൻപത് പന്തുകൾ നേരിട്ട രാഹുൽ രണ്ട് റൺസെടുത്ത് ആദിൽ റാഷിദിന്റെ പന്തിൽ റാഷിദിന് തന്നെ ക്യാച് നൽകി മടങ്ങുകയായിരുന്നു. ഗില്ലിന് സ്ട്രൈക്ക് നൽകാനുള്ള ശ്രമത്തിൽ അലക്ഷ്യമായാണ് ആ പന്ത് നേരിട്ടതെന്നാണ് ഉയരുന്ന ആരോപണം.

മത്സരത്തിൽ ഗിൽ സെഞ്ച്വറിക്ക് മുൻപ് (87) വീണെങ്കിലും ഇന്ത്യ നാല് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു.

ഇംഗ്ലണ്ട് കുറിച്ച 249 റൺസ് വിജയലക്ഷ്യം ഗില്ലിനൊപ്പം ശ്രേയസ് അയ്യരും അക്ഷർ പട്ടേലും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെ 38.4 ഓവറിൽ നാലു വിക്കറ്റ് കൈയിലിരിക്കെ ലക്ഷ്യം കണ്ടു.

ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്താകുകായിരുന്നു.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ഓപണർമാർ മോശം തുടക്കമാണ് നൽകിയത്. രണ്ട് റൺസെടുത്ത് നായകൻ രോഹിത് ശർമയും അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യശസ്വി ജയ്സ്വാൾ 15 റൺസെടുത്തും പുറത്തായി.

തുടർന്ന് ക്രീസിൽ നങ്കൂരമിട്ട ഗില്ലും ശ്രേയസും ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. വെടിക്കെട്ട് മൂഡിലായിരുന്ന ശ്രേയസ് അയ്യർ 30 പന്തിൽ അർധ സെഞ്ച്വറി തികച്ച് മുന്നേറവേ (59) ജേകബ് ബെതലിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി. തുടർന്നെത്തിയ അക്ഷർ പട്ടേൽ ശ്രേയസ് നിർത്തിയേടത്ത് നിന്ന് തന്നെ തുടങ്ങി. 47 പന്തിൽ 52 റൺസെടുത്ത അക്ഷർ പട്ടേൽ വിജയം ഏറെകുറേ ഉറപ്പാക്കിയാണ് മടങ്ങിയത്.

നിലയുറപ്പിക്കും മുൻപ് കെ.എൽ.രാഹുൽ (2) മടങ്ങി. സെഞ്ച്വറിയിലേക്ക് തോന്നിച്ച ശുഭ്മാൻ ഗില്ലിന്റെ ഇന്നിങ്സ് 87 റൺസിൽ അവസാനിച്ചു. സാകിബ് മഹ്മൂദിന്റെ പന്തിൽ ബട്ട്ലർ പിടിച്ച് പുറത്താക്കുയായിരുന്നു. 96 പന്തുകൾ നേരിട്ട ഗിൽ 14 ഫോറുകളുൾപ്പെടെയാണ് 87 റൺസെടുത്തത്. ഹാർദിക് പാണ്ഡ്യ ഒമ്പതും രവീന്ദ്ര ജദേജ 12 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ, നായകൻ ജോസ് ബട്ട്ലർ (52), ജേക്കബ് ബെതൽ (51), ഓപണർ ഫിൽസാൽട്ട് (43) എന്നിവരുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പേസർ ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജദേജയും മൂന്ന് വിക്കറ്റ് നേടി. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി പുറത്തിരുന്ന മത്സരത്തിൽ റാണക്കൊപ്പം യശ്വസി ജയ്സ്വാളിനും ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാനായി.

ഓപണർമാരായ ഫിൽസാൾട്ടും ബെൻ ഡെക്കറ്റും ഗംഭീര തുടക്കമാണ് ഇംഗ്ല‍ണ്ടിന് നൽകിയത്. 8.5 ഓവറിൽ 75 റൺസിൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 26 പന്തിൽ 43 റൺസെടുത്ത ഫിൽസാൾട്ട് റണ്ണൗട്ടാകുകായിരുന്നു. രണ്ടുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബെൻ ഡെക്കറ്റിനെ വീഴ്ത്തി ഹർഷിദ് റാണ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കി. 29 പന്തിൽ 32 റൺസെടുത്ത ഡെക്കറ്റിനെ ഉഗ്രൻ ക്യാച്ചിലൂടെ ജയ്സ്വാളാണ് പുറത്താക്കിയത്.

അക്കൗണ്ട് തുറക്കും മുൻപെ ഹാരി ബ്രൂക്കിനെ രാഹുലിന്റെ കൈകളിലെത്തിച്ച് റാണ് രണ്ടാമത്തെ വിക്കറ്റും വീഴ്ത്തി. നായകൻ ബട്ട്ലറിനെ കൂട്ടുപിടിച്ച് ജോ റൂട്ട് പതിയെ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിൽ 19 റൺസെടുത്ത റൂട്ടിനെ രവീന്ദ്ര ജദേജ എൽ.ബിയിൽ കുരുക്കി.

തുടർന്നെത്തിയ ജേക്കബ് ബെതൽ ബട്ട്ലറിനൊപ്പം ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 67 പന്തിൽ 52 റൺസെടുത്ത ബട്ട്ലറിനെ അക്ഷർ പട്ടേലും 64 പന്തിൽ 51 റൺസെടുത്ത ബെതലിനെയും ജദേജയും പുറത്താക്കി. ലിയാം ലിവിങ്സ്റ്റൺ 5ഉം ബ്രൈഡൻ കാർസ് 10 ഉം ആദിൽ റാഷിദ് എട്ടും സാഖിബ് മഹ്മൂദ് രണ്ടും റൺസെടുത്ത് പുറത്തായി. 21 റൺസുമായി ജോഫ്ര ആർച്ചർ പുറത്താകാതെ നിന്നു.

മുഹമ്മദ് ഷമി, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - “He was focused on helping Shubman Gill reach a hundred”: KL Rahul faces Sunil Gavaskar’s anger for giving importance to milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.