ആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാനാകാതെ പോയതിന്‍റെ നിരാശ തുറന്നുപറഞ്ഞ് ഓൾറൗണ്ടർ ഷാർദുൽ ഠാക്കൂർ. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് താരം.
മുതിർന്ന താരങ്ങളെല്ലാം ലോകകപ്പിനായി ഇതിനകം തന്നെ ആസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച റാഞ്ചിയിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിനു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിലാണ് ഷാർദുൽ നിരാശ പരസ്യമാക്കിയത്. രാജ്യത്തിനായി ലോകകപ്പ് കളിക്കുന്നതും കിരീടം നേടുന്നതും ഏതൊരു താരത്തിന്‍റെയും സ്വപ്നമാണെന്ന് താരം പറയുന്നു. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ടീമിന്‍റെ ഭാഗമാകാനാകുമെന്നും ഷാർദുൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
'തീർച്ചയായും, അതൊരു വലിയ നഷ്ടമാണ്. ലോകകപ്പിൽ കളിക്കുന്നത് ഏതൊരു താരവും സ്വപ്നം കാണുന്നതാണ്, കളിക്കുക മാത്രമല്ല കിരീടം ചൂടുന്നതും. ഇത്തവണ ഞാൻ ടീമിൽ ഉൾപ്പെട്ടില്ല. പക്ഷേ, ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്, അടുത്ത വർഷം ഏകദിന ലോകകപ്പും നടക്കുന്നുണ്ട്. കളിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനും വിജയത്തിൽ പങ്കുവഹിക്കാനും ഞാൻ ശ്രദ്ധിക്കും' -ഷാർദുൽ പറഞ്ഞു.
കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ താരം ന്യൂസിലാൻഡ്, അഫ്ഗാനിസ്താൻ ടീമുകൾക്കെതിരെ കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ പതിവായി കളിക്കുന്നുണ്ടെങ്കിലും 30കാരന് ലോകകപ്പിനുശേഷം ട്വന്‍റി20യിൽ അവസരം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.