ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവെച്ച് റാപ്പർ ഹനുമാൻകൈൻഡ്. കോഹ്ലിയോടൊപ്പമുള്ള ചിത്രം ഹനുമാൻകൈൻഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'എക്കാലത്തെയും മികച്ച താരത്തെ കണ്ടുമുട്ടി' എന്ന കുറിപ്പോടെയാണ് ചിത്രം.
ഐ.പി.എല്ലിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ക്യാമ്പിൽ വെച്ചാണ് ഹനുമാൻകൈൻഡ് കോഹ്ലിയെ കണ്ടുമുട്ടിയതെന്നാണ് സൂചന. ഇരുവരും ആർ.സി.ബിയുടെ ജഴ്സിയണിഞ്ഞാണ് ഫോട്ടോയിൽ.
മാർച്ച് 22നാണ് ഐ.പി.എൽ മത്സരങ്ങൾ തുടങ്ങുന്നത്. ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കോഹ്ലി ഐ.പി.എല്ലിനെത്തുന്നത്. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ കോഹ്‌ലി, ടൂർണമെന്റിലാകെ 54.5 ശരാശരിയിൽ 218 റൺസാണ് സ്വന്തമാക്കിയത്.
ആഗോളതലത്തിൽ വൈറലായ ഹനുമാൻകൈൻഡിന്‍റെ 'ബിഗ് ഡൗഗ്സി'ന് പിന്നാലെ ഏറ്റവും പുതിയ ഗാനമായ 'റൺ ഇറ്റ് അപ്പും' വൈറലായി കഴിഞ്ഞു. പുതിയ ഗാനത്തിലൂടെ ഇന്ത്യൻ പാരമ്പര്യം, സംസ്കാരം, കലാവൈവിധ്യങ്ങൾ തുടങ്ങിയവ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് ഹനുമാൻകൈൻഡ്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയ ഗാനം ഇതിനോടകം യൂട്യൂബിൽ 1.6 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഹനുമാൻകൈൻഡ് എന്നറിയപ്പെടുന്ന സൂരജ് ചെറുകാട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.