മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീം തെരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിന്റെ രണ്ട് നിർദേശങ്ങൾ അംഗീകരിക്കശപ്പട്ടില്ലെന്ന് റിപ്പോർട്ട്. ദൈനിക് ജാഗരണാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രോഹിത്തും ചീഫ് സെലക്ടർ അജിത്ത് അഗാർക്കറും ശുഭ്മാൻ ഗില്ലിന് വേണ്ടി നിലകൊണ്ടു.
സഞ്ജു സാംസൺ ടീമിൽ വേണമെന്നായിരുന്നു ഗംഭീറിന്റെ മറ്റൊരു ആവശ്യം. വിക്കറ്റ് കീപ്പറിന്റെ സ്ഥാനത്ത് ഗംഭീർ സഞ്ജുവിന്റെ പേരാണ് നിർദേശിച്ചത്. എന്നാൽ, അവിടെയും അഗാർക്കറിന്റേയും രോഹിത് ശർമ്മയുടേയും നിർദേശം അംഗീകരിക്കപ്പെടുകയായിരുന്നു. ഒടുവിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തന്നെ തെരഞ്ഞെടുത്തു.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നായകൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറുമാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ ടീമിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ മത്സരത്തിൽ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ഇടം നേടി. മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിനെ ടീമിന്‍റെ ഉപനായകനായി തെരഞ്ഞെടുത്തു.
വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കരുൺ നായർക്കും സെലക്ഷൻ ലഭിച്ചില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേയുള്ള ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ബുംറക്ക് പകരം ഹർഷിത് റാണ കളത്തിലിറങ്ങും. ഗിൽ, യശ്വസ്വി ജയ്സ്വാൾ എന്നിവരാണ് നായകനൊപ്പം ടീമിലിടം നേടിയ ഓപ്പണിങ് ബാറ്റർമാർ. മൂന്നാം നമ്പറിൽ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കും. മധ്യനിരയിൽ ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ ഇടം നേടി.
ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓൾറൗണ്ടർ ക്വാട്ടയിൽ ടീമിലുണ്ട്. സ്പെഷ്യലിസ്റ്റ് സ്പ്പിന്നറായി കുൽദീപ് യാദവ് ഇടം നേടി. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് പടയിൽ മുഹമ്മദ് ഷമി തിരിച്ചെത്തി. അർഷ്ദീപ് സിങാണ് മറ്റൊരു പേസർ. മുഹമ്മദ് സിറാജിന് ടീമിലിടം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.