അച്ഛൻ ബോളിവുഡിലെ സൂപ്പർ സംവിധായകൻ; രഞ്ജിയിൽ തീപ്പൊരി ബാറ്റിങ്ങുമായി വരവറിയിച്ച് മകൻ

മുംബൈ: ബോളിവുഡിലെ സൂപ്പർ സംവിധായകനും എഴുത്തുകാരനും നിർമാതാവുമാണ് വിധു വിനോദ് ചോപ്ര. 1976ൽ ‘മർഡർ അറ്റ് മങ്കി ഹിൽ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ചുവടുറപ്പിച്ച അദ്ദേഹത്തിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ‘ട്വൽത്ത് ഫെയിൽ’ ബോക്സോഫിസിൽ തരംഗം തീർക്കുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

1942: എ ലവ് സ്റ്റോറി, മിഷൻ കശ്മീർ, കരീബ് തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ പി.കെ, സഞ്ജു, ത്രീ ഇഡിയറ്റ്സ്, മുന്നാഭായ് എം.ബി.ബി.എസ് തുടങ്ങിയവ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിൽ ഉൾപ്പെട്ടവയാണ്.

അച്ഛന്റെ പാതയിൽനിന്ന് മാറി ക്രിക്കറ്റിൽ വരവറിയിച്ചിരിക്കുകയാണ് മകൻ അഗ്നി ചോപ്ര. രഞ്ജി ട്രോഫിയിൽ പേരുപോലെ തന്നെ തീപ്പൊരി ചിതറിയാണ് മകന്റെ വരവ്. മിസോറമിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയ താരം സിക്കിമിനെതിരെ ആദ്യ ഇന്നിങ്സിൽ അടിച്ചുകൂട്ടിയത് 166 റൺസായിരുന്നു. സിക്കിം ആദ്യ ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 442 റൺസ് അടിച്ചെടുത്തപ്പോൾ അഗ്നിയുടെ സെഞ്ച്വറിയുടെ ബലത്തിലും 214 റൺസെടുക്കാനേ മിസോറമിന് കഴിഞ്ഞുള്ളൂ. ഫോളോ ഓൺ ചെയ്ത മിസോറമിനായി രണ്ടാം ഇന്നിങ്സിൽ 92 റൺസ് കൂടി നേടി ടീം സ്കോർ 397 റൺസി​ലുമെത്തിച്ചു. മിസോറം നാല് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ഇരു ഇന്നിങ്സിലുമായി അഗ്നി ചോപ്ര അടിച്ചെടുത്തത് എട്ട് സിക്സും 30 ഫോറുമടക്കം 258 റൺസാണ്.

രണ്ടാം മത്സരത്തിൽ നാഗാലാൻഡിനെതിരെയും അഗ്നി ആളിക്കത്തി. 150 പന്തിൽ മൂന്ന് സിക്സും 21 ഫോറും സഹിതം 164 റൺസാണ് 25കാരന്റെ ബാറ്റിൽനിന്ന് പിറന്നത്.

യു.എസ്.എയിലെ മിഷിഗണിൽ 1998 നവംബർ നാലിനാണ് അഗ്നി ചോപ്രയുടെ ജനനം. മാതാവ് അനുപമ ചോപ്രയും എഴുത്തുകാരിയാണ്. കരിയറിന്റെ തുടക്കത്തിൽ മുംബൈ ജൂനിയർ ടീമിനായി ഇറങ്ങിയ താരം കൂടുതൽ അവസരം തേടി മിസോറമിലേക്ക് കളം മാറുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഛത്തിസ്ഗഢിനെതിരെയായിരുന്നു മിസോറമിനായുള്ള അരങ്ങേറ്റം. 

Tags:    
News Summary - Father is a super director in Bollywood; Son welcomed with spark batting in Ranji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.