രാഹുൽ ദ്രാവിഡിന്റെ കാലാവധി നീട്ടിയേക്കും; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ദ്രാവിഡ് പരിശീലകൻ

ന്യൂഡൽഹി: രാഹുൽ ദ്രാവിഡിന്റെ കരാർ രണ്ട് വർഷം കൂടി ബി.സി.സി.ഐ ​നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ബി.​സി.സി.ഐ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ദ്രാവിഡ് തന്നെയാകും പരി​ശീലകൻ എന്ന് ഉറപ്പായിട്ടുണ്ട്.

ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സപ്പായത്. കഴിഞ്ഞ രണ്ട് വർഷവും രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ബി.സി.സി.ഐക്ക് വിലയിരുത്തലുണ്ട്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്റെ കരാർ നീട്ടുന്നത് ബി.സി.സി.ഐ സജീവമായി പരിഗണിക്കുന്നത്.

കഴിഞ്ഞയാഴ്ച ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചയിലും പുതിയ കരാറിന്റെ അന്തിമ രൂപമായിരുന്നില്ല. തുടർന്നാണ് പരിശീലക കരാറായില്ലെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ പരിശീലിപ്പിക്കാൻ രാഹുലിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

കരാറില്ലാതെ ഒരു പരമ്പരയിൽ ടീമിനെ പരിശീലിപ്പിക്കാൻ ദ്രാവിഡ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ടെസ്റ്റ് പരമ്പരയിലാവും ഇന്ത്യ​യെ ദ്രാവിഡ് പരിശീലിപ്പിക്കുക. അതേസമയം, ഏകദിന, ട്വന്റി 20 പരമ്പരകൾ കരാറില്ലാതെ ദ്രാവിഡ് ടീമിനെ പരിശീലിപ്പിക്കില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, ബി.സി.സി.ഐയുടെ ഓഫറിനോട് ദ്രാവിഡ് എങ്ങനെ പ്രതികരിച്ചുവെന്നതിൽ വ്യക്തതയില്ല.ചില ഐ.പി.എൽ ഫ്രാഞ്ചൈസികൾ ദ്രാവിഡിനെ ടീം മെന്ററായും ടീം ഡയറക്ടറായും ക്ഷണിച്ചിട്ടുണ്ട്.

Tags:    
News Summary - Extension on cards, BCCI wants Rahul Dravid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.