റിഷഭ് പന്തിന്‍റെ വണ്ടിച്ചെക്ക് കേസ് വാദിക്കുന്നത് മുന്‍ ഐ.പി.എല്‍ താരം!

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ മുന്‍ ഹരിയാന ക്രിക്കറ്റ് താരം വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചു. ആ കേസ് വാദിക്കുന്നതാകട്ടെ മുന്‍ ഐ.പി.എല്‍ താരവും! അതേ, പന്തിന്റെ വക്കാലത്തെടുത്ത വക്കീല്‍ ഉത്തര്‍പ്രദേശിന്റെ മുന്‍ രഞ്ജി ട്രോഫി താരം ഏകലവ്യ ദ്വിവേദിയാണ്. കരിയര്‍ ബാക്കി നില്‍ക്കുമ്പോള്‍ മുപ്പതാം വയസിലാണ് ഏകലവ്യ ക്രിക്കറ്റ് നിര്‍ത്തി അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞത്.

അലഹബാദില്‍ അഭിഭാഷക കുടുംബത്തിലാണ് ഏകലവ്യ ജനിച്ചത്. മുന്‍ഗാമികളെ പോലെ പഠനത്തില്‍ മാത്രമല്ലായിരുന്നു ഏകലവ്യന്റെ കേമത്തം. ക്രിക്കറ്റിനോട് വലിയ താൽപര്യമായിരുന്നു. 2008 ല്‍ വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ കളിച്ചു കൊണ്ട് അരങ്ങേറ്റം. ഉത്തര്‍പ്രദേശിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത് 2010 ലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു ഏകലവ്യ. 2016 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് താരത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 258 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍ പട്ടം ഏകലവ്യനായിരുന്നു. ആ പ്രകടനം യു.പി താരത്തിന് ഐ.പി.എല്ലിലേക്ക് വഴിയൊരുക്കി. ഒരു കോടിക്ക് ഗുജറാത്ത് ലയണ്‍സാണ് ഏകലവ്യനെ വാങ്ങിയത്. ഫ്രാഞ്ചൈസിയുടെ അരങ്ങേറ്റ സീസണായിരുന്നു അത്. നാല് മത്സരങ്ങളില്‍ കളിക്കാനിറങ്ങി. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്സ്, പുണെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളിലും ഏകലവ്യ കളിച്ചു.

43 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍, 36 ലിസ്റ്റ് എ, 47 ടി20 മത്സരങ്ങള്‍ ഏകലവ്യ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പടെ 3000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ഉത്തര്‍പ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വേഗമേറിയ സെഞ്ച്വറി നേടിയ താരവും ഏകലവ്യനാണ്. 70 പന്തുകളിലായിരുന്നു ആ സെഞ്ചുറി. അന്ന് 21 പന്തുകളില്‍ നേടിയ അര്‍ധ സെഞ്ച്വറിയും റെക്കോഡായി.

യു.പിയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായി തിളങ്ങിയിട്ടും മുപ്പതാം വയസില്‍ ഏകലവ്യ എന്തിന് ക്രിക്കറ്റ് വിട്ടു? ഈ ചോദ്യത്തിന് വ്യക്തമായ മറുപടി താരം തരും. എനിക്ക് മുപ്പത് വയസായപ്പോള്‍ ധോണി ഫോമില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. റിഷഭ് പന്തിനെ പോലുള്ള പുതിയ പ്രതിഭകള്‍ കടന്നു വരുന്നു. ഇനിയും നാലോ അഞ്ചോ വര്‍ഷം കൂടി കളിച്ച് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. അതുപോലെ, അഭിഭാഷക ജോലിയിലേക്ക് കടന്നുവരാന്‍ ഇനിയും വൈകുന്നതും പ്രശ്‌നമാണ്. അങ്ങനെ വന്നപ്പോള്‍ ആ മാറ്റം സംഭവിച്ചു -ഏകലവ്യ പറയുന്നു.

Tags:    
News Summary - Ex-UP Ranji Captain Switched his Profession to Being a Lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.