‘15 ദിവസം മുമ്പ് പുഞ്ചിരിച്ചുകൊണ്ട് നഖ്‌വിക്ക് സൂര്യകുമാറിന്റെ ഹസ്തദാനം, എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!’, വിഡിയോ പുറത്തുവിട്ട് റാവത്തിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റി​​ലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കിടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വിവാദങ്ങൾക്കുള്ള പ്രധാനകാരണം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്താൻ നായകൻ സൽമാൻ ആഗക്ക് ഹസ്തദാനം നൽകാതിരുന്നതാണ്. ടൂർണമെന്റിൽ മൂന്ന് തവണ ഏറ്റമുട്ടിയപ്പോഴും പാകിസ്താൻ ക്യാപ്റ്റന് ഹസ്തദാനം നൽകാൻ സൂര്യകുമാർ യാദവ് തയാറായില്ല. കഴിഞ്ഞ ദിവസം നടന്ന ഫൈനലിലും ഇതിൽ മാറ്റമുണ്ടായില്ല. എന്നാൽ, ഹസ്തദാനത്തിൽ സൂര്യകുമാർ യാദവ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്നാരോപിച്ച് ഒരു വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്.

പാകിസ്താൻ മന്ത്രി മൊഹ്സിൻ നഖ്‍വിക്ക് സൂര്യകുമാർ യാദവ് ഹസ്തദാനം നൽകുന്ന വിഡിയോയാണ് എക്സിലൂടെ സഞ്ജയ് റാവത്ത് പുറത്തുവിട്ടത്. ഏഷ്യ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് സൂര്യകുമാർ യാദവ് പാകിസ്താൻ മന്ത്രിക്ക് ഹസ്തദാനം നൽകുന്ന വിഡിയോയെന്ന് അവകാശപ്പെട്ടാണ് സഞ്ജയ് റാവത്തിന്റെ പോസ്റ്റ്. ഇപ്പോൾ​ ദേശസ്നേഹത്തിന്റെ നാടകം കളിക്കുന്ന സൂര്യകുമാർ യാദവും സംഘവും ഇന്ത്യയോട് യഥാർഥത്തിൽ സ്നേഹമുണ്ടായിരുന്നുവെങ്കിൽ പാകിസ്താനെതിരെ കളിക്കാതിരിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ പറഞ്ഞു.

‘കേവലം 15 ദിവസം മുമ്പ്, ടൂർണമെന്റിന്റെ തുടക്കത്തിൽ, അവർ പുഞ്ചിരിച്ചുകൊണ്ട് പാകിസ്ഥാൻ മന്ത്രി മുഹ്‌സിൻ നഖ്‌വിക്കൊപ്പം ഫോട്ടോകൾക്കായി പോസ് ചെയ്ത് ഹസ്തദാനം നടത്തി. എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!

ദേശസ്‌നേഹം നിങ്ങളുടെ രക്തത്തിൽ ശരിക്കും ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾ പാകിസ്ഥാനെതിരെ കളിക്കാൻ കളത്തിൽ കാലുകുത്തില്ലായിരുന്നു. അടിമുടി ശുദ്ധമായ നാടമാണ് അരങ്ങേറുന്നത്’ -റാവത്ത് എക്സിൽ കുറിച്ചതിങ്ങനെ.

നേരത്തെ, ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുമ്പ് ഇന്ത്യ ടീമിനെതിരെ രൂക്ഷവിമർശനം സഞ്ജയ് റാവത്ത് ഉന്നയിച്ചിരുന്നു. ഇത് വലിയൊരു മത്സരമല്ലെന്നും ഈയൊരു അന്തരീക്ഷത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ കളിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സഞ്ജയ് റാവത്ത് മത്സരത്തിന് മുമ്പ് പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങൾ പാകിസ്താനുമായി കളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സൂര്യകുമാർ യാദവ് നഖ്‍വിയുമായി ഹസ്തദാനം നടത്തുന്ന വിഡിയോ പങ്കുവെച്ച് മുതിർന്ന എ.എ.പി നേതാവ് സൗരഭ് ഭരദ്വാജും വിമർശനം ഉന്നയിച്ചിട്ടുണ്ട്. സീരിസ് തുടങ്ങുന്നതിന് മുമ്പ് സൂര്യകുമാർ പാക് മന്ത്രിക്ക് ഹസ്തദാനം നൽകി. എന്നാൽ, മത്സരത്തിനിടെ അദ്ദേഹത്തിന്റെ പ്രവൃത്തി നേർവിപരീതമായിരുന്നു. നാട്ടിൽ നിന്ന് ഇന്ത്യൻ ടീമംഗങ്ങൾക്ക് നല്ല തിരക്കഥ ലഭിക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - 'Drama Of Patriotism': Opposition Shares Surya's 'Handshake' Video With Mohsin Naqvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.