കിരീടം സ്വീകരിക്കാൻ ജദേജയെയും റായുഡുവിനെയും ക്ഷണിച്ച് ധോണി; ക്യാപ്റ്റൻ കൂളിന് കൈയടിച്ച് ആരാധകർ

അഹ്മദാബാദ്: ക്രിക്കറ്റിൽ മാന്യമായ പെരുമാറ്റത്തിലൂടെയും സഹതാരങ്ങളെ പരിഗണിക്കുന്നതിലൂടെയും ആരാധകരുടെ ഇഷ്ടം നേടിയെടുത്തയാളാണ് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ്​ ധോണി. അഞ്ചാം തവണയും അദ്ദേഹത്തിന്റെ നായകത്വത്തിൽ ചെന്നൈ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ കിരീടദാന ചടങ്ങിലും അദ്ദേഹം ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നു. ഐ.പി.എൽ കിരീടം ഏറ്റുവാങ്ങാൻ അവതാരകൻ ക്ഷണിച്ചപ്പോൾ അതിനായി ടീമിനെ വിജയത്തിലേക്ക് നയിച്ച രവീന്ദ്ര ജദേജയെയും ഐ.പി.എൽ ഫൈനലോടെ വിരമിക്കൽ പ്രഖ്യാപിച്ച അമ്പാട്ടി ​റായുഡുവിനെയും വിളിച്ചാണ് ധോണി ക്യാപ്റ്റന്മാർ കിരീടം ഏറ്റുവാങ്ങുന്ന പതിവിന് തിരുത്ത് കുറിച്ചത്. ഒരുപക്ഷെ കരിയറിലെ അവസാന കിരീടം ഏറ്റുവാങ്ങാനുള്ള അവസരമാണ് ധോണി സഹതാരങ്ങളെ ഏൽപിച്ചത്.

ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നിയിൽനിന്നും സെക്രട്ടറി ജയ് ഷായിൽനിന്നും അവർ കിരീടം സ്വീകരിച്ച ​ശേഷമാണ് ധോണി അതിൽ പങ്കാളിയായത്. ഫൈനലോടെ ഐ.പി.എൽ വിരമിക്കൽ പ്രഖ്യാപിച്ച റായുഡുവിന് ഏറ്റവും ഉചിതമായ യാത്രയയപ്പാണ് ഇതിലൂടെ ധോണി നൽകിയത്. എട്ട് പന്തിൽനിന്ന് 19 റൺസടിച്ച് വിജയത്തിൽ അദ്ദേഹം നിർണായക പങ്കും വഹിച്ചിരുന്നു. മൂന്നു തവണ മുംബൈക്കൊപ്പവും അത്രയും തവണ ചെന്നൈക്കൊപ്പവും കിരീട നേട്ടത്തിൽ അദ്ദേഹം പങ്കാളിയായി.

കൈവിട്ടുപോയെന്ന് കരുതിയ മത്സരത്തിൽ അവസാന രണ്ടു പന്തിൽ ജയിക്കാൻ ആവശ്യമായ 10 റൺസ് അടിച്ചെടുത്ത് ടീമിനെ ത്രില്ലർ വിജയത്തിലേക്ക് നയിച്ച ജഡേജക്ക് കൂടിയുള്ള അംഗീകാരമായിരുന്നു ഇത്. സീസണിലുടനീളം പന്തുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ഫൈനലിൽ ബൗളറെന്ന നിലയിൽ തിളങ്ങാനായിരുന്നില്ല. നാല് ഓവറിൽ ഒരു വിക്കറ്റ് നേടിയെങ്കിലും 38 റൺസ് വഴങ്ങി. എന്നാൽ, നിർണായക നിമിഷത്തിൽ ടീമിനെ ബാറ്റിലൂടെ കൈപിടിച്ചുയർത്തുകയായിരുന്നു. വിജയറൺ അടിച്ച ശേഷം ഓടിയെത്തിയ ജദേജയെ ധോണി എടുത്തുയർത്തുന്ന അപൂർവ കാഴ്ചക്കും ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായി. ഈ വിജയം നായകൻ ധോണിക്ക് സമർപ്പിക്കുകയാണെന്നായിരുന്നു മത്സരശേഷം ജദേജ പ്രഖ്യാപിച്ചത്. 

Tags:    
News Summary - Dhoni invites Jadeja and Rayudu to accept the crown; Fans applaud Captain Cool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.